Friday, 8 March 2013

സംഘപരിവാറിന്റെ ദളിത്‌സ്നേഹം ......

ഇന്ത്യയിലെ ദളിത്‌ വിഭാഗങ്ങള്‍ക്ക് പുതിയ ഒരു 'രക്ഷകന്‍' അവതരിച്ചിരിക്കുന്നു.സാക്ഷാല്‍ നരേന്ദ്രമോഡി!!!ദൈവത്തിനും മനുഷ്യനും ഇടയില്‍ മധ്യസ്ഥന്‍ ആയി പ്രവര്‍ത്തിക്കാന്‍ ഉള്ള അവകാശം പൂണൂല്‍ ഇട്ട ബ്രാഹ്മണന്‍മാര്‍ക്ക് മാത്രമാണെന്ന പൊതുധാരണയോട് കലഹിക്കാന്‍ മോഡി തീരുമാനിച്ചിരിക്കുകയാണ്. ഉടനെ തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലെ മോഡി ഫാന്‍സ്‌ ഉഷാറായി.എന്ത് വിഷയം ചര്‍ച്ചക്ക് വന്നാലും കമ്മ്യുണിസ്റ്റ്കാരെ തെറി പറഞ്ഞില്ലെങ്കില്‍ മനസമാധാനം കിട്ടാത്ത ചില വര്‍ഗീയവാദികള്‍ മോഡിയെ പോലെ ദളിതര്‍ക്ക് പൂജാപരിശീലനം കൊടുക്കാന്‍ ആലോചിക്കാത്തത്തിനു കമ്മ്യുണിസ്റ്റ്കാര്‍ക്ക് എതിരെ പ്രചരണവും തുടങ്ങി. ഇതാണ് യഥാര്‍ത്‌ഥ വിപ്ലവം ,കണ്ടു പഠിച്ചോളൂ സഖാക്കന്മാരെ എന്നായി സന്ഘികള്‍.22.5 ലക്ഷം രൂപ എന്ന 'ഭീമമായ' സംഖ്യ വിപ്ലവത്തിന് വേണ്ടി വകയിരുത്തിയിട്ടുണ്ട് എന്നും കേട്ടു.

ദളിതരോടുള്ള സംഘ പരിവാര്‍ നിലപാടിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് മനുസ്മൃതിയോട്  സംഘപരിവാറിന്റെ നിലപാട് എന്താണ് എന്നാണ്. ദളിത്‌ വിഭാഗങ്ങളുടെ മോചനത്തിന് ഏറ്റവും തടസ്സം നില്‍ക്കുന്ന ഈ നിയമസംഹിതയെ എതിര്‍ക്കാതെ ദളിതരുടെ വിമോചനത്തെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് മനുസ്മൃതി പരസ്യമായി കത്തിക്കാന്‍ ഡോ.ബി. ആര്‍.അംബേദ്‌കര്‍ തയ്യാറായത്.1927 ഡിസംബര്‍ 25 നാണ് അംബേദ്‌കര്‍ പരസ്യമായി   മനുസ്മൃതി കത്തിക്കാന്‍ തയ്യാറായത്. ഇന്ത്യയിലെ നെറികെട്ട ജാതിവ്യവസ്ഥക്ക് ജനസമ്മതി ഉണ്ടാക്കി കൊടുത്തിരുന്ന മനുസ്മൃതിയെ കുറിച്ച് സംഘപരിവാര്‍ വെച്ചു പുലര്‍ത്തുന്ന നിലപാട് സംഘപരിവാറിന്റെ സവര്‍ണപക്ഷപാതവും പിന്തിരിപ്പന്‍ സ്വഭാവവും വ്യക്തമാക്കുന്നുണ്ട്.അവര്‍ക്ക് മനുസ്മൃതി ഇന്നും പവിത്രമാണ്.ലോകത്തിലെ എറ്റവും ആദ്യത്തെയും ഏറ്റവും മഹാനുമായ നിയമദാതാവായാണ് മനുവിനെ ഗോള്‍വാല്‍കെര്‍ കണ്ടിരുന്നത്.

 മനുസ്മൃതി മാത്രമല്ല പല ഹിന്ദുമതഗ്രന്ഥങ്ങളും അടിസ്ഥാനപരമായി സവര്‍ണ മേല്‍ക്കോയ്മ സ്ഥാപിക്കാനോ നിലനിര്‍ത്താനോ സഹായിക്കുന്നതാണ്.അതുകൊണ്ടാണ് മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു മതം ഒരു തരം ആത്മീയഫാസിസം ആണെന്ന് കാഞ്ച ഏലയ്യ നിരീക്ഷിക്കുന്നത്(.http://www.christiantoday.com/articl/interview.with.dr.kancha.ilaiah.leading.dalit.rights.campaigner.in.india/4495.htm )ഉദാഹരണത്തിന് മനുഷ്യന്റെ സൃഷ്ടി സംബന്ധിച്ചുള്ള ഹിന്ദുമത സങ്കല്‍പം തന്നെ അസമത്വത്തെ ന്യായീകരിക്കും വിധം ഉള്ളതാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.ബ്രഹ്മാവിന്റെ തലയില്‍ നിന്നും ബ്രാഹ്മണരും തോളുകളില്‍ നിന്നും ക്ഷത്രിയരും തുടകളില്‍ നിന്നും വൈശ്യരും പാദങ്ങളില്‍ നിന്നും ശൂദ്രരും ഉണ്ടായി എന്ന സങ്കല്‍പം ശൂദ്രനും താഴെയുള്ള,നാല് വര്‍ണ്ണങ്ങള്‍ക്ക്  പുറത്തുള്ള അവര്‍ണവിഭാഗങ്ങളില്‍ പെടുന്ന ആളുകള്‍ ഒന്നും ദൈവസൃഷ്ടിയെ അല്ല എന്നചിന്ത ഉല്പാദിപ്പിക്കുന്നു.ഇത്തരം സങ്കല്‍പ്പങ്ങളെ തള്ളി പറയാന്‍ സംഘപരിവാര്‍ ഒരുകാലത്തും തയ്യാറായിട്ടില്ല എന്ന് മാത്രമല്ല,പലപ്പോഴും അവയെ ഒക്കെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരായി അവര്‍ നിലകൊള്ളുകയും ചെയ്യുന്നു.ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്ന,അതിനോട് ആരാധന പ്രകടിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഗോള്‍വാള്‍ക്കറുടെ "വിചാരധാര"യില്‍ പലയിടത്തും കാണാം.

സംഘപരിവാര്‍ ആശയങ്ങള്‍ സവര്‍ണ്ണ മേല്‍ക്കോയ്മയെ സംരക്ഷിക്കും വിധം ആയിത്തീര്‍ന്നത് കേവലം യാദ്രിശ്ചികമല്ല.ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ഉദ്ഭവം പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് ബോധ്യപ്പെടും.1920കളില്‍ ഹിന്ദുത്വത്തിന്റെ  പ്രത്യയശാസ്ത്ര രൂപീകരണത്തിലും സംഘാടനത്തിലും മഹാരാഷ്ട്ര കേന്ദ്രസ്ഥാനം ആയി മാറിയിരുന്നു. മുസ്ലീങ്ങളില്‍ നിന്നും വെല്ലുവിളി നേരിടുകയോ വര്‍ഗീയ കലാപങ്ങളുടെ ചരിത്രപശ്ചാത്തലം ഉണ്ടാവുകയോ ചെയ്യാത്ത ഇവിടം കേന്ദ്രമായി മാറിയത് അത്ഭുതം ഉണ്ടാക്കുന്ന സംഗതിയാണ് എന്ന് തപന്‍ ബസു,പ്രദീപ്‌ ദത്ത,സുമിത് സര്‍ക്കാര്‍,തനിക സര്‍കാര്‍ സംബുധ സെന്‍ എന്നിവര്‍ തങ്ങളുടെ 'കാക്കി ഷോട്സ് സാഫ്രോണ്‍ ഫ്ളാഗ്സ്' എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. 1870 കള്‍ മുതല്‍ തന്നെ മഹാരാഷ്ട്രയില്‍ ബ്രാഹ്മണിസത്തിന് എതിരായ മുന്നേറ്റങ്ങള്‍ തുടങ്ങിയിരുന്നു.ഫുലെ യുടെയും അംബേദ്‌കര്‍ടെയും മറ്റും നേതൃത്വത്തില്‍ നടന്ന ദളിത്‌-പിന്നാക്ക വിഭാഗ മുന്നേറ്റങ്ങളെ ഭയപ്പെട്ട സവര്‍ണ ശക്തികള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മേല്‍ക്കോയ്മ തിരിച്ചു പിടിക്കാന്‍ നടത്തിയ ശ്രമമാണ് "ഹിന്ദുക്കള്‍" എല്ലാം ഒന്ന് എന്ന് പറഞ്ഞു സംഘടിപ്പിക്കുന്ന ഹിന്ദുത്വ പ്രചരണം എന്നാണ് അവര്‍ പ്രസ്തുത പുസ്തകത്തില്‍ തുടര്‍ന്നു നിരീക്ഷിക്കുന്നത്.(Basu, Tapan; Datta, Pradip; Sarkar, Sumit; Sarkar, Tanika;Sen, Sambuddha, `Khaki Shorts: Saffron Flags, Tracts For The Times/1', Orient Longrnan, New DEIW, 1993)അങ്ങനെ ഉത്ഭവിച്ച സംഘപരിവാര്‍ സവര്‍ണ്ണ താല്‍പ്പര്യങ്ങളുടെ സംരക്ഷകര്‍ ആയില്ല എങ്കിലെ അത്ഭുതമുള്ളു.

ഇന്ന് ദളിത്‌ സ്വത്വത്തെ ഉയര്‍ത്തി പിടിച്ചുകൊണ്ട്  സവര്‍ണ്ണമേല്‍ക്കോയ്മയ്ക്ക് എതിരെ പോരാടാന്‍ ദളിത്‌ പ്രസ്ഥാനങ്ങള്‍ ബീഫിനെ ഒരു ആയുധമാക്കുന്നു.ദളിത്‌ വിഭാഗങ്ങള്‍ പരമ്പരാഗതമായി പാലിച്ചു  പോരുന്ന ഭക്ഷണശീലങ്ങളെ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ട് പോലും തടയുന്നതിനു എതിരായ പോരാട്ടമാണ് അതിലൂടെ നടക്കുന്നത്. ഇവിടെയും ശത്രുവായി അവതരിക്കുന്നത് സംഘപരിവാര്‍ തന്നെ.2012 ഏപ്രില്‍ 15 നു ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയില്‍ ബീഫ് വിളമ്പിയ ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കിരാതമായ ആക്രമണമാണ് എ. ബി. വി . പി. നടത്തിയത്.കര്‍ണാടകത്തിലെ  മടെസ്നാന എന്ന ആചാരത്തിനു എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടും അത് നിരോധിക്കാതെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ മോഡിയുടെ പാര്‍ട്ടി തന്നെ ഭരിക്കുന്ന  സര്‍ക്കാര്‍ ശ്രമിക്കുന്നതും ഓര്‍ക്കാവുന്നതാണ്.


ഇങ്ങനെ,ഏതു നിലക്ക് നോക്കിയാലും ദളിത്‌ താല്‍പ്പര്യങ്ങളും സംഘപരിവാറിന്റെ താല്‍പ്പര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടില്ല.അങ്ങനെയിരിക്കെ,ഹിന്ദുത്വവാദികള്‍ ദളിതര്‍ക്ക് പൂജാരി സ്ഥാനം കൊടുത്തു കൊണ്ട് വിശാലമായ ഹിന്ദു ഐക്യം ഉണ്ടാക്കി കളയാം എന്ന് തീരുമാനിക്കുന്നതിന്റെ രാഷ്ട്രീയം ഗൌരവമായി ചര്‍ച്ച  ചെയ്യപ്പെടണം. ദളിത്‌ സംസ്കാരവും ജീവിതവും എങ്ങനെ സവര്‍ണ ഹൈന്ദവജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് എന്ന് കാഞ്ച ഐലയ്യ തന്റെ പ്രശസ്തമായ്‌ "വൈ ഐ ആം നോട്ട് എ ഹിന്ദു" എന്ന പുസ്തകത്തില്‍ സമര്‍ത്ഥമായി അവതരിപ്പിക്കുന്നുണ്ട്. ഹൈന്ദവതയോട് നേര്‍ക്കുനേര്‍ പൊരുതി ഉയര്‍ന്നു വന്നുകൊണ്ടിരികുന്ന ദളിത്‌പക്ഷ  മുന്നേറ്റങ്ങളെ ഇല്ലാതാക്കാന്‍ ഇന്ന് ഹിന്ദുത്വവാദികള്‍ പുരോഹിതസ്ഥാനത്തേക്ക് എത്തിക്കാനുള്ള പരിശീലനം  തന്നെ വാഗ്ദാനം ചെയ്തിരിക്കുന്നു.അത്തരം അപ്പക്കഷ്ണങ്ങള്‍ കൊണ്ട് ആ സമരത്തെ,നൂറ്റാണ്ടുകള്‍ ആയി അടിച്ചമര്‍ത്തലും പീഡനവും നിലനിര്‍ത്തിയ നീചവ്യവസ്ഥിതിയെ തച്ചുതകര്‍ക്കാന്‍ ഉള്ള ശ്രമത്തെ,  ഇല്ലാതാക്കാം  എന്ന സംഘപരിവാര്‍ മോഹം വ്യാമോഹം മാത്രമാണ്.

3 comments:

  1. ബി.ജെ.പിയുടെയും സംഘപരിവാറിന്‍റെയും കൊട്ടിഘോഷിക്കപ്പെട്ട ഹിന്ദുത്വ ഐഡിയോളജി ജാതിവ്യവസ്ഥയെ ഭാരതീയ സംസകാരത്തിന്‍റെ" അടിസ്ഥാനശിലയായി അവതരിപ്പിച്ച് സവര്‍ണ മേല്‍ക്കോയ്മയെ നിതീകരിക്കുന്നതായിരുന്നു, പരോക്ഷമായെങ്കിലും. ദളിതര്‍ക്ക് പൂജാരി സ്ഥാനം കൊടുത്താല്‍ തീരുന്നതാണ് അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്ന് മോഡി മാത്രമേ പറയൂ. ജീവിതത്തിന്‍റെ സകല മേഖലകളിലേക്കും സവര്‍ണര്‍ തങ്ങളുടെ മേധാവിത്വം വ്യാപിപിച്ചു. അതും ഇന്നും ഇന്നലയും അല്ല, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ. വിദ്യാഭാസത്തില്‍, (അതുവഴി) സാമ്പത്തിക ഘടനയില്‍, രാഷ്ട്രീയത്തില്‍, സിനിമയില്‍, കലാ കായിക രംഗങ്ങളില്‍, എന്തിനു കപ്പലു കയറി വന്ന അഹൈന്ദവ മതങ്ങളില്‍ പോലും ദളിതന്‍ "ദളിതന്‍""" മാത്രമാകുന്നു. പൂണൂല്‍ ശരീരത്തിനു കുറുകെയല്ല മനസിനു കുറുകെയാണ് വീണുകിടക്കുന്നത്. ഇതെല്ലാം അറിയാവുന്നതുകൊണ്ട് തന്നെയാണ് മോഡി ഇത്തരം ഒരു "വിപ്ലവാന്മക" തീരുമാനവുമായി വന്നിരിക്കുന്നതും. അങ്ങനെ ദളിതരെയെല്ലാം തന്‍റെ ചെറുവിരല്‍ ചലനത്താല്‍ ലിബറേറ്റു ചെയ്തു എന്ന് വീമ്പിളക്കി അവരുടെ വോട്ടും വാങ്ങി പ്രധാന മന്ത്രിക്കസേരക്ക് ഒരു പടി കൂടി അടുത്തു എന്ന് ടിയാന്‍ കരുതേണ്ടതില്ല. പക്ഷെ മോഡിക്ക് തന്‍റെ രണ്ടാമത്തെ വലിയ വോട്ട് ബാങ്കിനെ- അര്‍ബന്‍ മിഡില്‍ ക്ലാസ്സിനെ- സ്വയം ഒരു സാമൂഹിക പരിഷ്കര്‍ത്താവിന്‍റെ മുഖം കൂടി നല്‍കി പ്രീതിപ്പെടുത്താന്‍ ഇത് മതിയാവും. ഇനി അവര്‍ക്ക് നവോഥാന നായകന്‍ മോഡിക്ക് വോട്ടു ചെയ്യുന്നതില്‍ മടി തീരെ വേണ്ട.

    ReplyDelete