Monday, 9 September 2013

എച്ച്.സി.യു കൈരളി ജി.ബി.എം.-വിമതപ്രസ്താവന

 പൊതുബോധത്തിനെ നോവിച്ചവരുടെ കുമ്പസാര കുറിപ്പായോ പ്രതിക്കൂട്ടിൽ നിൽക്കുന്നവരുടെ വിശദീകരണക്കുറിപ്പായോ ഇതിനെ കാണേണ്ടതില്ല.ഇതു സമരസപ്പെടാൻ തയ്യാറല്ലാത്തവരുടെ,കയ്യടികളെയും കൂക്കുവിളികളെയും പുല്ലു പോലെ കാണുന്ന,അന്യായത്തിനു എതിരെ കൊമ്പ് കോർക്കുമ്പോൾ നട്ടെല്ല് വിറയ്ക്കാത്ത കുറച്ചു പേരുടെ നിലപാട് പ്രഖ്യാപനം മാത്രമാണ്.
■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ 

സവർണ്ണ ഹൈന്ദവ ആഘോഷങ്ങൾ പൊതു ആഘോഷങ്ങൾ ആകുന്നതിൽ/ആക്കുന്നതിൽ അസ്വാഭാവികത ദർശിക്കാതിരിക്കാൻ കഴിയുന്നത്രയും നമ്മെ മസ്തിഷ്കപ്രക്ഷാളനം നടത്താൻ സവർണ്ണ ഹൈന്ദവശക്തികൾക്ക് കഴിഞ്ഞിരിക്കുന്നു എന്നും ഇതിനെ ചോദ്യം ചെയ്യുന്നവരെ എല്ലാം കുഴപ്പക്കാരായി കാണുന്ന നിലയ്ക്ക് സമൂഹത്തിന്റെ ഭൂരിപക്ഷത്തെ മാറ്റിയെടുത്തിരിക്കുന്നു എന്നുമാണ് ഇന്നത്തെ കൈരളി ജി.ബി.എം നമ്മെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നത്.ഓണം ദേശിയ ആഘോഷമായി മാറിയത് ചരിത്രപരമായ സമവായ രൂപീകരണത്തിലൂടെയാണ് എന്ന തീർത്തും ചരിത്രവിരുദ്ധമായ പാഠം നമ്മിൽ കെട്ടിയേൽപ്പിച്ചതു ആരാണ്?തങ്ങളുടെ ചരിത്രത്തിൽ ഉടനീളം മൃദുഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കിയ കോണ്ഗ്രസ് പാർട്ടിയുടെ ഒരു സർക്കാർ കേരളസമൂഹത്തിനു മേൽ രാഷ്ട്രീയ തീരുമാനത്തിലൂടെ അടിച്ചേൽപ്പിച്ചതാണ് ഇന്ന് 'ദേശീയം' എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഈ ഹൈന്ദവ ആഘോഷം എന്ന് ഓർക്കുന്നത് പോലും കുറ്റകരമായി തീരുന്നത് എന്ത് കൊണ്ടാണ്?

'സർവ്വ ധർമ്മ സമഭാവ" എന്ന, 'ഇന്ത്യൻ സെക്യുലരിസം' എന്ന് വിളിക്കപ്പെടുന്ന വ്യവസ്ഥിതിയുടെ മുഖ മുദ്രാവാക്യത്തിന്റെ മറവിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് ഹൈന്ദവ മേധാവിത്വം ആണ് എന്ന് തികഞ്ഞ ബോധ്യമുള്ളവരും അതിനു പരിഹാരം സാമുദായിക വോട്ടു ബാങ്ക് വിലപേശലുകളിലൂടെ നേടുന്ന അപ്പക്കഷ്ണങ്ങളോ സ്വന്തം മതരാഷ്ട്രവാദം ബദലായി വെയ്ക്കുന്ന മതമൗലികവാദമോ അല്ല എന്ന് ഉറപ്പുള്ളവരുമാണ് ഞങ്ങൾ.പള്ളിക്കൂടങ്ങൾ ,പാഠപുസ്തകങ്ങൾ,മാധ്യമങ്ങൾ,ലിബറൽ ജനാധിപത്യത്തിന്റെ പരിമിതികൾ പേറുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ മുതലായവയിലൂടെ ഈ സവർണ്ണ ഹൈന്ദവ ബോധം ഉത്പാദിപ്പിക്കപ്പെടുകയും പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട് എന്ന് ഞങ്ങൾ വ്യക്തമായി കാണുന്നു.അത് കൊണ്ട് തന്നെ ഒരു കേന്ദ്രസർവ്വകലാശാലയ്ക്ക് അകത്തു നടക്കുന്ന ഒരു പ്രത്യേക ഭാഷാ സമൂഹത്തിന്റെ സാംസ്കാരിക ആഘോഷം സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ ഇടപെടുന്നതിന്റെ സാധ്യതകളും പരിമിതികളും ഞങ്ങൾ നന്നായി മനസ്സിലാക്കുന്നു. സവർണ്ണ ഹൈന്ദവ പൊതുബോധത്തിനു അവിടെ ഏൽപ്പിക്കുന്ന പ്രഹരങ്ങൾ ചെറുതല്ലാത്ത ഗുണം ചെയ്യും എന്നും ഞങ്ങൾ കരുതുന്നു.

അരാഷ്ട്രീയ കോമരങ്ങളിലൂടെയും 'പ്രായോഗികവാദി'കളിലൂടെയും പ്രതിധ്വനിച്ചു കേട്ട നിക്ഷിപ്ത താല്പര്യങ്ങൾ ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. എങ്കിലും "നമ്മളെല്ലാം ഒന്നല്ലേ" എന്നും "നമുക്ക് എന്തിനു ഭേദ ചിന്തകൾ" എന്നും നിഷ്കളങ്കമായി ചോദിച്ച കൂട്ടുകാരിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. പലരുടേയും 'വിലപ്പെട്ട സമയം' അപഹരിച്ചെടുക്കുന്ന വിരസമായ 'ബുദ്ധി ജീവി വർത്തമാനം' അവരിൽ ഒരാളിലെങ്കിലും പുനർവിചിന്തനത്തിന്റെ നാമ്പുകൾ മുളപ്പിക്കുന്നെങ്കിൽ ഞങ്ങൾക്ക് മുമ്പേ തോറ്റു പോയ ചിലർ തുടങ്ങി വച്ചതും,ഞങ്ങൾ നീതി പുലർത്താൻ ശ്രമിച്ചതുമായ ഈ പോരാട്ടത്തിനു,വിമതസ്വരത്തിന്റെ പ്രഖ്യാപനത്തിന്,പിൻഗാമികൾ ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾക്ക് ഇക്കുറിയും തോറ്റവരാകാം. അതെ, ഞങ്ങൾക്കും വേണ്ടത് ഐക്യവും സാഹോദര്യവും പുലരുന്ന നാളുകളെയാണ്. മനുഷ്യർ അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന കാലത്തെയാണ്. പക്ഷേ അതിനു വേണ്ടി, അധീശശക്തികൾ ഒളിഞ്ഞോ തെളിഞ്ഞോ കെട്ടിയേൽപ്പിക്കുന്ന ആധിപത്യത്തോട് അധീശവിധേയരായവർ തലകുലുക്കി കൊടുത്തുണ്ടാക്കുന്ന സമാധാനം ഞങ്ങൾക്ക് സ്വീകാര്യമല്ല. ജാതി-മത ചിഹ്നങ്ങൾ പേറാത്ത പുതിയ പൊതു ഇടങ്ങൾ സൃഷ്ടിക്കാനും അതുവഴി വ്യവസ്ഥാപിത അധികാര ഘടനകളെ തകർക്കാനുമുള്ള ഉദ്യമങ്ങളിൽ ഒരേടായി ഞങ്ങളുടെ വിയോജിപ്പുകളെ വായിക്കുക.

•ജിജിൻ ജെ.എസ് •റിയാസ് എം പി •സിറാജുൾ മുനീർ •അനസ് എൻ •നിതിൻ ജേക്കബ് തോമസ്‌ •ശരത് ശശികുമാർ

Saturday, 22 June 2013

സുതാര്യതയും രാഷ്ട്രീയപ്രവർത്തനവും

തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ നിയമനിർമ്മാണസഭകളുടെ അധികാരങ്ങളിലേക്ക് ജുഡീഷ്യൽ,അർദ്ധ-ജുഡീഷ്യൽ സ്ഥാപനങ്ങളും നോമിനേറ്റട്‌ ബോഡികളും നടത്തുന്ന കടന്നുകയറ്റങ്ങൾ ജനാധിപത്യത്തെ ഉപരിപ്ലവമായി മാത്രം മനസ്സിലാക്കുകയും ഭരണസംവിധാനങ്ങളെ കുറിച്ചു ഉട്ടോപ്പ്യൻ സ്വപ്നങ്ങളെ താലോലിക്കുകയും ചെയ്യുന്നവർക്ക് എന്നും ആവേശം നല്കുന്നതായി കണ്ടുവരുന്നു.ജനപ്രതിനിധികൾ എല്ലാം മോശക്കാരാണ് എന്നും ജുഡീഷ്യരിക്കും അണ്ണാ ഹസാരയെ പോലുള്ള 'അവതാര പുരുഷന്മാര്ക്കും' മാത്രമേ എല്ലാത്തിനെയും ശുദ്ധീകരിക്കാൻ കഴിയൂ എന്നുള്ള ചിന്തയാണ് അവരെ നയിക്കുന്നത്.ഇത്തരക്കാർക്ക് ആവേശം നല്കുന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന,വിവരാവകാശ കമ്മീഷണരുടെ പുതിയ ഉത്തരവ്.

പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സമാനമനസ്കരായ പൌരന്മാർ ഒത്തുചെര്ന്നുണ്ടാക്കുന്ന കൂട്ടായ്മകളായ പാർട്ടികളെ പൊതുസ്ഥാപനങ്ങളായി കാണുന്ന ഗുരുതരമായ പിശകാണ് കമ്മീഷൻ ഉത്തരവിന്റെ ഏറ്റവും ശ്രദ്ധേയമായ വശം.പാർലിമെന്റ് നിർമ്മിച്ച ഒരു നിയമത്തിന്റെ ഭാഗമായി നിലവിൽ വന്ന കമ്മീഷൻ പാർലിമെന്റ് ഉദ്ദേശിക്കാത്ത ഒരു തരത്തിലേക്ക് ഒരു നിയമത്തെ വ്യാഖ്യാനം ചെയ്തു കൊണ്ടുപോകുന്നു എന്നാ പ്രതിഷേധാർഹാമായ വശവും കമ്മീഷൻ ഉത്തരവിന് ഉണ്ട്.സംഘടനകള്ക്ക് അകത്തു നടക്കുന്ന ചർച്ചകളെ ഇല്ലാതാക്കിക്കൊണ്ട് ,സംഘടിത മുന്നേറ്റങ്ങളെ ക്ഷീണിപ്പിക്കുക എന്ന അത്യന്തം അപകടകരമായ പ്രത്യാഘാതവും ഈ ഉത്തരവ് ഉണ്ടാക്കും എന്നാ കാര്യത്തിൽ സംശയമില്ല.


സംഘം ചേർന്ന് പൊതുലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവര്ത്തിക്കാനുള്ള സ്വാതന്ത്രത്തിനു മേലുള്ള അപലപനീയമായ കടന്നുകയറ്റമാണ് ഈ ഉത്തരവ്.ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് ആ ലക്‌ഷ്യം നേടാൻ വേണ്ടിയുള്ള കൂടിയാലോചനകൾ നടത്തുമ്പോൾ സ്വകാര്യത ആവശ്യമാണ്‌.പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളെ പോലും പരസ്പരം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടുള്ള ചർച്ചകളും കൂടിയാലോചനകളും നടത്തിക്കൊണ്ടു അവസാനം സംഘടനയുടേതായ ഒരു നിലപാടിൽ എത്തിച്ചേരുകയും അതിന്റെ പ്രചാരണത്തിന് ഇറങ്ങിപുറപ്പെടുകയും ചെയ്യുക എന്നതാണ് പാർട്ടികളിൽ നടക്കുന്നത്.അതിനു പകരം ഓരോ പ്രവർത്തകനും പാർട്ടിക്കകത്ത് എന്ത് പറയുന്നു എന്ന് അറിയണം എന്ന് വാശി പിടിക്കുന്നവർ സംഘടിതമായ ഇടപെടലുകൾ വേണ്ട,വ്യക്തിപരമായ അഭിപ്രായങ്ങളാണ് പ്രധാനം എന്ന വാദമാണ് മുന്നോട്ടു വെയ്ക്കുന്നത്.സംഘടിത ഇടപെടലുകളെ ക്ഷീണിപ്പിക്കുന്നതിലൂടെ ഭരണവർഗ്ഗത്തിന് ഉണ്ടാകുന്ന നേട്ടം ചെറുതല്ല.അത് കൊണ്ട് തന്നെ ഭരണവർഗ്ഗത്തിന് എതിരായ സമരത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ വിഭാഗങ്ങളും ഈ ഉത്തരവിനെയും അതിനോട് അനുബന്ധിച്ചു ഉയർന്നു വരുന്ന ഉട്ടോപ്യൻ വാദഗതികളെയും പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

രാഷ്ട്രീയപ്പാര്ട്ടികൾ പൊതു അധികാര സ്ഥാപനങ്ങൾ അല്ല.മറിച്ച്,പൊതു അധികാരസ്ഥാപനങ്ങൾ പിടിച്ചെടുക്കാനായി പരസ്പരം മത്സരിക്കുന്ന ഗ്രൂപ്പുകൾ മാത്രമാണ്.അവർ അധികാരം ഏറ്റെടുക്കാൻ സജ്ജരായവരും അർഹതയുള്ളവരുമാണ് എന്നത് കൊണ്ട് മാത്രം അവർ പൊതു അധികാര സ്ഥാപനങ്ങൾ ആകുന്നില്ല.അധികാരസ്ഥാപനങ്ങൾക്കാണ് വിവരാവകാശ നിയമം പോലുള്ള നിയമങ്ങൾ ബാധകമാക്കേണ്ടത്.അതല്ലാതെ,ആ സ്ഥാനങ്ങളിൽ എത്താൻ സാധ്യത ഉള്ളവരെല്ലാം അത്തരം നിയമങ്ങൾക്കു വിധേയനാകണം എന്ന് പറഞ്ഞാൽ,തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുള്ള ഓരോ പൗരനും ഓരോ ഇൻഫർമേഷൻ ഓഫീസറെ നിയമിക്കണം എന്ന് പറയേണ്ടി വരും.രാഷ്ട്രീയ പാർട്ടികൾക്ക് പുറത്തുള്ള വ്യക്തികളും ഗ്രൂപ്പുകളും പലപ്പോഴും രാഷ്ട്രീയത്തിൽ ഇടപെടുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും എല്ലാം ചെയ്യുന്നുണ്ട്.ഇന്ന്,ഈ ഉത്തരവിനെ വാഴ്ത്തിപ്പാടി രംഗത്ത് വന്നിട്ടുള്ള ചില സ്വതന്ത്ര ബുദ്ധിജീവികൾ അടക്കമുള്ളവരും ഇൻഫർമേഷൻ ആഫീസർമാരെ നിയമിക്കാൻ തയ്യാർ എടുക്കേണ്ടതാണ്,പ്രസ്തുത യുക്തിയെ അംഗീകരിച്ചാൽ...

സുതാര്യത എന്ന സങ്കല്പ്പത്തോളം തന്നെ പ്രധാനമാണ് സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും.സംഘം ചേർന്നുള്ള കൂടിയാലോചനകൾ നടത്താനുള്ള സ്വാതന്ത്ര്യത്തെ സുതാര്യതയുടെ പേരില് ബലികഴിക്കുന്നത്‌ രാഷ്ട്രീയത്തെ തന്നെ കൊല്ലലാണ്.രാഷ്ട്രീയകക്ഷികൾ സുതാര്യത അടിച്ചേൽപ്പിക്കേണ്ട പൊതുസ്ഥാപനങ്ങൾ അല്ല എന്ന് ഊന്നിയൂന്നി പറയേണ്ടി വരുന്നതും അതുകൊണ്ടാണ്.പാർട്ടി യോഗങ്ങളുടെ മിനുട്സും മറ്റും പരസ്യപ്പെടുത്തണം എന്ന വാദം പാർട്ടികൾക്ക് അകത്തു നടക്കുന്ന സക്രിയമായ രാഷ്ട്രീയചർച്ചകളെ ഇല്ലാതാക്കും.ചർച്ചകൾ എല്ലാം രഹസ്യമായി നടത്തിയ ശേഷം 'സുതാര്യമായി' നടക്കുന്ന കമ്മിറ്റി യോഗങ്ങളിൽ ഐക്യം അഭിനയിക്കാൻ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ നിര്ബന്ധിതരാകും.രാഷ്ട്രീയ നയരൂപീകരണങ്ങൾ നടത്താൻ ഒളിയിടങ്ങൾ തേടിപ്പോകാൻ അംഗീകൃത രാഷ്ട്രീയപ്പാര്ട്ടികൾ പോലും നിർബന്ധിതരാകും.ഇത് ജനാധിപത്യത്തിനു അപമാനമാണ്.രാഷ്ട്രീയം വെറുമൊരു ഉത്സവക്കാഴ്ച്ചയല്ല.വിരുദ്ധ താല്പ്പര്യങ്ങളുടെ സംഘട്ടനത്തിന്റെ ഒരു വ്യവസ്ഥാപിത രൂപമാണ് അത്.
ഓരോ രാഷ്ട്രീയ പാർട്ടിക്കും എതിരാളികളിൽ നിന്നും പലതും മറയ്ക്കാൻ ഉണ്ടാകും.അത് കൊണ്ട് തന്നെ,അടിസ്ഥാനപരമായി രാഷ്ട്രീയം എന്താണ് എന്നതിനെ കുറിച്ചു അജ്ഞതയുള്ളവർക്കെ പാർട്ടികളുടെ കമ്മിറ്റി യോഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണം എന്നും  മറ്റും വാദിക്കാൻ കഴിയൂ.

കോണ്ഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഇതിൽ പക്വമായ നിലപാട് എടുത്തപ്പോഴും ബി.ജെ.പി ഇതിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്.മുന്പ്,പാർലിമെന്ടരി ജനാധിപത്യത്തെ വെല്ലുവിളിച്ച് മുന്നോട്ടു വന്ന അണ്ണാ ഹസാരയെ പോലുള്ളവരെ സംഘ പരിവാര് അകമഴിഞ്ഞ് പിന്തുണച്ചിരുന്നു.ആ നിലപാടിന്റെ ഒരു തുടർച്ചയാണിത്.താല്ക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനാധിപത്യത്തെ കുരുതി കഴിക്കാൻ തങ്ങൾക്കു മടിയില്ല എന്ന് ബി.ജെ.പി വീണ്ടും തെളിയിച്ചിരിക്കുന്നു.അണ്ണാ ഹസാരെയുടെ സമരത്തിനു അനുകൂലമായി തെരുവിൽ ഇറങ്ങിയ അരാഷ്ട്രീയ വിഭാഗങ്ങളെ വിവരാവകാശ കമ്മീഷന്റെ ഈ ഉത്തരവും സന്തോഷിപ്പിച്ചേക്കാം.എന്നാൽ,ജനാധിപത്യത്തെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നവര്ക്ക് ഇതിനെ എതിർത്തെ പറ്റൂ.അഴിമതിക്ക് എതിരായ വികാരപ്രകടനങ്ങളുടെ പുകമറയിൽ ജനാധിപത്യവിരുദ്ധമായ ആശയങ്ങൾ ദേശിയ ചർച്ചകളിലേക്ക് ഒളിച്ചു കടത്താനുള്ള നീക്കം കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നടക്കുന്നുണ്ട്.അതിന്റെ തുടർച്ചയാണ് ഈ ഉത്തരവിന്റെ ചുവടു പിടിച്ചു നടക്കുന്ന ആഹ്ലാദപ്രകടനങ്ങൾ.

ഭരണവർഗത്തിന്റെ താൽപ്പര്യങ്ങൾ മൂലം ഇരകളാക്കപ്പെടുന്നവരുടെ പക്ഷത്തു നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രാധികാരം കയ്യാളുന്നവർക്ക് എതിരെ തന്ത്രങ്ങളും അടവുകളും രൂപപ്പെടുത്തുന്നത് ഗൌരവകരമായ ഒരു കാര്യമാണ്.ഇന്ത്യയിൽ ഇന്ന് നിലനില്ക്കുന്ന വ്യവസ്ഥിതിയെ അടവുപരമായി അന്ഗീകരിക്കുന്നവർക്ക് മാത്രമല്ല,പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നവർക്കും അതതു സമയങ്ങളിൽ നിലവിൽ വരുന്ന സർക്കാരുകളുടെ നയങ്ങൾക്ക് ഇരകൾ ആകുന്നവർക്കു വേണ്ടി ശക്തമായ പ്രതിപക്ഷ പ്രവർത്തനം നടത്തേണ്ടി വരും.ശ്രദ്ധയോടെ രൂപപ്പെടുത്തുന്ന അത്തരം അടവുകളും തന്ത്രങ്ങളും രൂപപ്പെടുത്താൻ ഇനി പ്രതിപക്ഷ സംഘടനകൾ എല്ലാം നിയമത്തിന്റെ കണ്ണു വെട്ടിച്ചുള്ള രഹസ്യയോഗങ്ങൾ ചേരാൻ നിര്ബന്ധിതരാകുന്ന അവസ്ഥയാണോ നമ്മുടെ ചില സ്വതന്ത്ര ബുദ്ധിജീവികൾ വരാൻ പോകുന്ന മഹത്തായ ജനാധിപത്യമായി കൊട്ടിഘോഷിക്കുന്നത്?


നിയമയുദ്ധത്തിലൂടെയും ആശയപ്രചാരണത്തിലൂടെയും ആവശ്യമായാൽ പുതിയ നിയമനിർമ്മാണത്തിലൂടെയും ഈ ഉത്തരവിനെ മറികടക്കാൻ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയപ്പാര്ട്ടികൾ ശ്രമിക്കേണ്ടിയിരിക്കുന്നു....

Saturday, 4 May 2013

ഉദിച്ചുയരുന്ന ചെന്താരകം

എച്ച്.സി.യു വിലെ എസ്.എഫ്.ഐ,ആരോപണങ്ങളും യാഥാർത്യവും...


ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം അനുദിനം കച്ചവടവത്കരണത്തിനു വിധേയമാക്കപെട്ടു കൊണ്ടിരിക്കുന്ന സമകാലീന അവസ്ഥയിൽ ക്യാംപസ്സുകളിൽ നിന്നും എവ്വിധമുള്ള ശബ്ദങ്ങൾ ആണ് ഉയരുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.കൂടുതൽ കാശ് നല്കി കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുക എന്ന് നവ ലിബറൽ യുക്തി ക്യാമ്പസ്സുകളെ കൊണ്ട് ഏറ്റു പാടിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണത്തിന് എതിര് നില്ക്കുന്ന എല്ലാ  മൂലധന ശക്തികളുടെയും ആവശ്യമാണ്‌.കോടതികൾ പോലും ഈ യുക്തിയെ ഏറ്റു പാടുന്നത് നാം എത്രയോ തവണ കണ്ടു.ഒപ്പം ഇതിനെതിരെ തെരുവിൽ  പ്രതിഷേധം ഉയർത്തിയവർക്കു എതിരെ ഭരണ കൂടം അതിന്റെ ഏറ്റവും ക്രൂര മുഖം പുറത്തെടുക്കുന്നതും നാം എത്ര കണ്ടു... എത്ര തവണ നമ്മുടെ പത്ര മാധ്യമങ്ങളിൽ തല തല്ലി തകർക്കപ്പെട്ടു ചൊരയൊലിച്ചു നില്ക്കുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ നിറഞ്ഞു ....ഒരിക്കലും മറവിക്ക് വിട്ടു കൊടുക്കാതെ നെഞ്ഞിനകത്ത് സൂക്ഷിക്കേണ്ട ഓര്മ്മകളാണ് ഇതെല്ലാം...

ഈ ഓർമ്മകളോട് ളോട് പോലും യുദ്ധം ചെയ്യാതെ ക്യാംപസ്സുകളിൽ തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ല എന്ന് മൂലധന ശക്തികൾക്കു നന്നായി അറിയാം.ഈ അജണ്ടകളെ ചെറുക്കാൻ വിദ്യാർഥികളെ അണിനിരത്തി സമരങ്ങൾ സംഘടിപ്പിക്കുന്നതും  നവലിബറൽ യുക്തിയെ വിദ്യാർഥികളിൽ അവകാശബോധം സൃഷ്ടിച്ചു കൊണ്ട് നേരിടുന്നതും ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ആയതു കൊണ്ട് ഇടതു സംഘടനകളെ ലക്‌ഷ്യം വെയ്ക്കുക എന്നത് നവലിബറൽ അജണ്ടകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്‌.ഈ പശ്ചാത്തലത്തിൽ ആണ് എസ്.എഫ്.ഐ.ക്ക് എല്ക്കുന്ന ഓരോ ചെറിയ ആഘാതവും വലതു പക്ഷക്കാർ എല്ലാം ചേർന്ന് ആഘോഷമാക്കുന്നതും എസ്.എഫ്.ഐ. കൈവരിക്കുന്ന നേട്ടങ്ങളെ മറച്ചു  വെയ്ക്കുകയും ചെയ്യുന്ന അവസ്ഥയെ കാണേണ്ടത്.

         ഇക്കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സി.പി.ഐ(എം) പ്രണബ് മുഖർജീയെ പിന്തുണച്ചതിൽ പ്രതിഷേധിച്ചു ജെ.എൻ.യു വിലെ എസ്.എഫ്.ഐ യിൽ ഉൾസംഘടന കലാപങ്ങൾ ഉണ്ടായതും ഒരു വിഭാഗം സംഘടനയിൽ നിന്നും വിട്ടു പോയതും അതിനെ തുടർന്നു സംഘടനക്കു ഏറ്റ തിരിച്ചടിയും മലയാള മാധ്യമങ്ങളിൽ വലിയ ആഘോഷമായി മാറുകയുണ്ടായി.പ്രബുദ്ധ ഇന്ത്യൻ യുവത്വം ആകെ എസ്.എഫ്.ഐ.യെ കയ്യൊഴിഞ്ഞു എന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടി  വിദ്യാർഥികൾ രാജ്യത്തിന്റെ പല ഭാഗത്തായി കൊടുത്തു കൊണ്ടിരിക്കുകയാണ്.അതിൽ ഒന്നാണ് ഹൈദരാബാദ് കേന്ദ്ര സർവ്വകാലാശാലയിൽ ഇത്തവണ എസ്.എഫ്.ഐ ഒറ്റയ്ക്ക് നേടിയ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയം(.http://pd.cpim.org/2012/1104_pd/11042012_7.html)

ഇവിടെ എസ്.എഫ്.ഐ നേടിയ വിജയവും വിദ്യാർഥികൾക്ക്  വേണ്ടി പൊരുതി നേടിയ അവകാശങ്ങളും ഒന്നും വാർത്തയല്ല എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടുത്തെ എസ്.എഫ്.ഐ യൂണിററ് ചില പ്രത്യേക മാധ്യമങ്ങളിലും മലയാളം വെബ്സൈറ്റുകളിലും എല്ലാം ചർച്ചയാകുന്നുണ്ട്.ഇത് കേവലം യാദൃശ്ചികമല്ല.എസ്.എഫ്.ഐ യ്ക്ക് അഭിമാനിക്ക തക്ക വണ്ണം ഇവിടുത്തെ യൂണിറ്റും അതിന്റെ നേതൃത്വത്തിൽ ഉള്ള യൂണിയനും വിദ്യാർഥികളുടെ ഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നത്,ഒരു ജെ.എൻ.യു വിനെ കാട്ടി എസ്.എഫ്.ഐ കേന്ദ്ര സർവ്വകലാശാലകളിൽ മണ്ണടിഞ്ഞു പോയി എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ ഭീതിയിലാഴ്ത്തുന്നുണ്ട്.അത്തരക്കാർ തങ്ങളുടെ അസ്വസ്ഥതകൾ തീർക്കാൻ എച്ച്.സി.യു വിലെ എസ്.ഐ.ഓ-എ.ബി.വി.പി രഹസ്യ സഖ്യത്തെയും ഇടതു വിരോധത്തിനു അപ്പുറം പ്രത്യേകിച്ചു രാഷ്ട്രീയം ഒന്നും മുന്നോട്ടു വെയ്ക്കാൻ ഇല്ലാത്ത ചില  ബൂർഷ്വാ ആക്ടിവിസ്റ്റ്കളെയും കൂട്ട് പിടിച്ചു നടത്തുന്ന പ്രചാരണമാണ് ഇപ്പോൾ അരങ്ങു തകർക്കുന്നത്.ഇവരുടെ ആരോപണങ്ങൾ മറുപടി പോലും അർഹിക്കാത്തതാണ് എന്ന് എച്ച്.സി.യു രാഷ്ട്രീയത്തെ നിരീക്ഷിക്കാൻ തയ്യാറുള്ള ആർക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ.

ഇതിൽ ജമാത്തെ ഇസ്ലാമിയുടെ വിദ്യാർഥി വിഭാഗമായ എസ്.ഐ.ഓ തങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള ചില മാധ്യമങ്ങൾ പ്രചാരണങ്ങൾ  തീര്ത്തും രസകരമാണ്.എസ്ഐഓ അങ്ങനെയാണ്.വളരെ വൈകിയേ ബോധം ഉദിക്കൂ.വൈകിയാണ് എങ്കിലും ബോധം ഉദിക്കുന്നത് നല്ല കാര്യം തന്നെ.പക്ഷെ,തങ്ങൾക്കു വൈകി തോന്നുന്ന ചിന്തകളെ കൊട്ടിഘോഷിക്കുമ്പോൾ മറ്റാർക്കും ഇതിനു മുൻപ് ഇങ്ങനെയൊന്നും തോന്നിയിട്ടില്ല എന്ന് വാദിക്കുന്നത് എന്തിനാണ്?ക്യാമ്പസ് ആത്മഹത്യകളെ കുറിച്ച് ചില മതമൌലികവാദികൾ നടത്തുന്ന നിരീക്ഷണങ്ങൾ വായിക്കാൻ ഇടയായി.അപ്പോഴാണ്‌ മേൽപ്പറഞ്ഞ രീതിയിൽ ചിന്തിച്ചു പോയത്. ആത്മഹത്യകൾ കേവലം വ്യക്തിപരം ആയ പ്രശ്നം അല്ല എന്നത് ചിലര്ക്ക് ബോധ്യമായത് ഈ അടുത്ത കാലത്ത് ആണത്രേ!തങ്ങൾ അത് മനസ്സിലാക്കി പോസ്റ്റർ ഒട്ടിക്കാൻ തുടങ്ങിയ ശുഭമുഹൂർത്തത്തെ അടയാളമായി വെച്ച് ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തെ പഴയതും പുതിയതും എന്ന് വേർതിരിക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണ് ചിലർ.1936 ആഗസ്ത് 12 നു ഇന്ത്യയിൽ സംഘടിത വിദ്യാർഥി പ്രസ്ഥാനം രൂപം കൊണ്ടത്‌ മുതൽ നേരത്തെ പറഞ്ഞവർക്ക് വെളിപാട് ഉണ്ടായ നിമിഷം വരെയുള്ളത് പഴയ കാലത്തിൽ പെടും. ആ നിമിഷം മുതൽ പുതിയ കാലം തുടങ്ങി കഴിഞ്ഞു!!!

ആത്മഹത്യയെ സാമൂഹിക സാഹചര്യങ്ങളിലൂടെ കാണാൻ എസ്.എഫ്.ഐ യെ ആരും പഠിപ്പിക്കേണ്ട കാര്യം ഇല്ല.വിദ്യാഭ്യാസത്തെ കച്ചവട ചരക്കാക്കുന്ന വിദ്യാഭ്യാസ നയത്തിന്റെ ഇരയായി 2 0 0 4 ജൂലായ്‌ 2 2 നു ഒരു പട്ടിക ജാതിക്കാരി വിദ്യാർഥിനി ജീവൻ ഒടുക്കിയത് കേരളം ഇന്നും മറന്നിട്ടുണ്ടാകില്ല.അന്ന് ആ സഹോദരിക്ക് വേണ്ടി തെരുവുകളിൽ പ്രതിഷേധാഗ്നി ആളിക്കത്തിക്കാനും ഭരണ കൂടത്തിന്റെ ഏറ്റവും കിരാതമായ ആക്രമണങ്ങളെ പോലും ഏറ്റു വാങ്ങാനും എസ്സ്.എഫ്.ഐ ക്കാർക്ക് ആത്മഹത്യ സാമൂഹിക വിഷയമാണ് എന്നതിനെ സംബന്ധിച്ചു ആരുടെയും സ്റ്റഡി ക്ലാസ്സോ ആത്മഹത്യയിലെ പാപം സംബന്ധിച്ചുള്ള പുനരാലോചനകളോ വേണ്ടി വന്നിട്ടില്ല.(http://www.youtube.com/watch?v=E_2iNrsqO2I). അന്ന് ആ ദളിത്‌ വിദ്യാർഥി ക്ക് വേണ്ടി പൊരുതാൻ ദളിത്‌ സ്നേഹം പറയുന്ന എസ്.ഐ.ഓ എന്ത് ചെയ്തു?ഭരണകൂടത്തിന്റെ ക്രൗര്യം അതിന്റെ ഏറ്റവും പൈശാചിക ഭാവത്തോടെ പ്രകടമാക്കപ്പെട്ട അക്കാലത്ത്,കേരളത്തെ നോക്കി ഒരു അച്ഛനും അമ്മയും നെഞ്ച് പൊട്ടി കരഞ്ഞ അക്കാലത്ത് എസ്.ഐ.ഓ ക്കാരാൻ ഏതു മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു?മേനി നോവില്ലെന്നു ഉറപ്പുള്ളപ്പോൾ മാത്രം പുറത്ത് വരുന്ന വിപ്ലവം എന്ന് പറഞ്ഞാൽ തെറ്റുണ്ടോ?

2 0 0 8 മാർച്ചു 2 5 നു കൊല്ലത്ത് സുമി സുരേന്ദ്രൻ എന്ന വിദ്യാർഥിനി കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്തപ്പോഴും ഒരു തമ്പുരാക്കന്മാരുടെയും മുന്നില് കുനിയാത്ത നട്ടെല്ലുമായി ചോദ്യം ചെയ്യാനും പൊരുതാനും ഉണ്ടായിരുന്നത് എസ്.എഫ്.ഐ ആണ്.

ഒസ്മാനിയ സർവകലാശാല വിമൻസ് ഹോസ്ടലിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നു ഹൈദരാബാദിനെ 2 0 0 8 ആഗസ്തിൽ പ്രക്ഷോഭ മുഖരിതമാക്കാൻ മുന്നിട്ടിറങ്ങിയതും എസ്.എഫ്.ഐ തന്നെ. അങ്ങനെ വിദ്യാർഥി പീഡനങ്ങൾക്ക് എതിരെ വിട്ടു വീഴ്ച്ച ഇല്ലാതെ പോരാടിയതിന്റെ എത്രയെത്ര ഉദാഹരണങ്ങൾ...

എസ്.എഫ്.ഐ നയത്തിൽ ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല.എച്ച്.സി.യു വിൽ ഇതിനു മുൻപും പല ആത്മഹത്യകളും സംഭവിച്ചിട്ടുണ്ട്.അതിൽ ജാതിയിൽ  'താഴ്ന്ന' വിഭാഗങ്ങളിൽ പെട്ടവരും 'ഉയർന്ന' വിഭാഗങ്ങളിൽ പെട്ടവരും എല്ലാം ഉൾപ്പെടും.ഓരോ വിഷയവും പരിശോധിച്ചു എസ്.എഫ്.ഐ വേണ്ട വിധത്തിൽ ഉള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

ജമാത്തെ ഇസ്ലാമി നടത്തുന്ന വാരികയായ "മാധ്യമം" സ്ഥിരമായി വായിക്കുകയും അതേ  സമയം കേന്ദ്ര സർവ്വകലാശാലകളിൽ ജമാഅത്ത് ബുദ്ധിജീവികൾ നടത്തുന്ന വർഗ്ഗീയ പ്രചരണങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്നവർക്ക് രസകരമായ പല വൈരുദ്ധ്യങ്ങളും കാണാൻ പറ്റും.എസ്.എഫ്.ഐ യുടെ മുന്നേറ്റം ഉണ്ടാക്കുന്ന അസ്വസ്ഥത മാറ്റാൻ വേണ്ടി  "മാധ്യമ'' ത്തിൽ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു."കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ മാധ്യമങ്ങള്‍ നിര്‍മിച്ച ജെ.എന്‍.യു കേന്ദ്രീകൃത ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയമാണ് ഇന്ത്യന്‍ വിദ്യാര്‍ഥി രാഷ്ട്രീയം. ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ- ഐസ കളിക്കുന്ന ബംഗാളി മേല്‍ജാതി പിള്ളേര്‍ നേതൃത്വം നല്‍കുന്ന ‘ജാതിരഹിത മതരഹിത’ (മതേതരം എന്നും പറയാം ) ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയമാണ് ‘ഏറ്റവും മുന്തിയ’ രാഷ്ട്രീയം".'ജെ.എൻ.യു കേന്ദ്രീകൃത ഇടതുപക്ഷ രാഷ്ട്രീയം, ജനങ്ങളെ ആകെ ആവേശം കൊള്ളിക്കുന്നതും അവർക്ക് പ്രതീക്ഷ നല്കുന്നതും ആണ് എന്നാ തിരിച്ചറിവിന്റെ പുറത്ത് ആ രാഷ്ട്രീയത്തെ ഗൃഹാതുരത്വം കൂട്ടി വിറ്റു കാശാക്കിയതിൽ ഒന്നാമന്മാർ ഇതേ "മാധ്യമം" ആഴ്ച്ചപ്പതിപ്പ് തന്നെ.ഷാജഹാൻ മാടമ്പാട്ടിന്റെ "ജെ.എൻ.യു. വിലെ ചുവർച്ചിത്രങ്ങൾ" വിറ്റു കാശാക്കുന്ന കാലത്ത് "മാധ്യമ"ത്തിനു ജെ.എന്‍.യു കേന്ദ്രീകൃത ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയം ജാതിരഹിത,മതേതര മൂല്യങ്ങളെ മുന്നോട്ടു വെയ്ക്കുന്നത് ഒരു ന്യൂനതയായി തോന്നിയിരുന്നില്ല.(മറ്റൊരു ഉദാഹരണം പറയാം.മേൽപ്പറഞ്ഞ ജമാഅത്ത് ബുദ്ധിജീവികൾക്ക് ഈ.എം.എസ് എന്ന് കേട്ടാൽ ഉടനെ രക്തം തിളയ്ക്കും.സവർണ്ണൻ,മൃദു ഹിന്ദുത്വം,വേദ പണ്ഡിതൻ,പഴനിയിൽ പോയവൻ എന്നിങ്ങനെയൊക്കെ തട്ടി വിടും.ചുരുക്കി പറഞ്ഞാൽ കേരളത്തിന്റെ മൊത്തം പ്രശ്നങ്ങൾക്കും കാരണം ഇ.എം.എസ് ആണ് എന്ന് സിദ്ധാന്തിച്ചു കളയും.എന്നാൽ രണ്ടാഴ്ച്ച മുൻപുള്ള "മാധ്യമം"  എടുത്തു നോക്കിയാൽ കാണാം അതിൽ ഈ.എം.എസ് സ്മരണയെ വിറ്റു കാശാക്കുന്നത്‌.അതിനു 'മാധ്യമ"ത്തെ പ്രേരിപ്പിക്കുന്നത് 'സവർണ്ണ സ്നേഹ'മാണോ,'മൃദു ഹിന്ദുത്വ ബോധ'മാണോ എന്നും മറ്റും ജമാഅത്ത് ബുദ്ധിജീവികൾക്ക് പരിശോധിക്കാവുന്നതാണ്.)




കൃത്യമായും കമ്മ്യൂണിസ്റ്റ് വിരുദ്ധത പുലർത്തുന്ന ജമാത്തെ ഇസ്ലാമി വാരികയ്ക്ക് പോലും അവഗണിക്കാൻ കഴിയാത്ത,തുറന്നാക്ഷേപിക്കാൻ  കഴിയാത്ത പ്രബുദ്ധ പുരോഗമന രാഷ്ട്രീയമാണ് ഇവർ ആക്ഷേപിക്കാൻ നോക്കുന്ന ജാതിരഹിത,മതേതര "ജെ.എന്‍.യു കേന്ദ്രീകൃത ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയം" എന്ന് അർത്ഥം.അതിനുള്ള ജനസമ്മതി വെറുതേ ഉണ്ടായതല്ല.വിട്ടു വീഴ്ച്ചയില്ലാത്ത പോരാട്ടങ്ങളുടെ ഫലമായി ഉണ്ടായതാണ്.അത് ചില മതമൌലികവാദികളും അവർക്ക് വേണ്ടി പേനയുന്തുന്ന ഉത്തരാധുനിക മുഖമൂടിയുള്ള ബൂർഷ്വാ ആക്റ്റിവിസ്റ്റ്കളും വിചാരിച്ചാൽ ഇല്ലാതാക്കാൻ കഴിയുന്നതല്ല.

ഇത്തരക്കാർ ക്യാംപസ്സുകളിൽ ഏറ്റവും പിന്തിരിപ്പൻ നിലപാടുകളെ എങ്ങനെയാണ് പ്രചരിപ്പിക്കാൻ നോക്കുന്നത് എന്നതിന് തെളിവാണ് പാകിസ്ഥാനിൽ താലിബാൻ തീവ്രവാദികളോട് പോരാടിയ ധീരയായ പെണ്‍കുട്ടി മലാലയെ കുറിച്ചു ഇവർ  എടുക്കുന്ന നിലപാട്.ഇരയായ മലാലക്ക് കുറ്റവാളിയുടെ പരിവേഷം ചാർത്തി കൊടുക്കാനും അവരെ ആക്രമിച്ച താലിബാൻകാർക്ക് വീര പരിവേഷം നല്കാനുമാണ് എസ്.ഐ.ഓ ക്കാർ ക്യാംപസ്സുകളിൽ ശ്രമിക്കുന്നത്.ഇക്കൂട്ടർക്ക് അടിസ്ഥാനപരമായി ഉള്ള സ്ത്രീവിരുദ്ധത ഏറ്റവും നന്നായി പുറത്ത് ചാടുന്നത് ഇത് പോലുള്ള വിഷയങ്ങളിൽ ആണ്.പുറമേക്ക് വലിയ പുരോഗമാനകാരികൾ എന്ന് നടിക്കുമ്പോഴും പഴകി ദ്രവിച്ച സങ്കല്പ്പങ്ങളെ സംഘടനാ ക്ലാസ്സുകളിൽ നിന്നും പഠിക്കുകയും അത് പ്രചരിപ്പിച്ചു വിദ്യാർഥി സമൂഹത്തെ പിന്നോട്ട് നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവർ ആണിവർ.
മലാല ആക്രമിക്കപ്പെട്ട സംഭവത്തെ പാകിസ്ഥാനിലെ മൊത്തം രാഷ്ട്രീയ പരിസരത്തെ കൂടി മനസ്സിലാക്കി വേണം വിലയിരുത്താൻ.ഏറിയോ കുറഞ്ഞോ ഒരു ബൂർഷ്വാ ലിബറൽ ജനാധിപത്യ പാരമ്പര്യം പാകിസ്ഥാനിൽ ഇപ്പോഴുമുണ്ട്.ഇസ്ലാം ഔദ്യോഗിക മതം ആയ പാകിസ്ഥാനിൽ  മറ്റു മതങ്ങളോട് സഹിഷ്ണുത പുലർത്തുകയും ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി നില കൊള്ളുകയും ഒക്കെ ചെയ്യുന്ന ലിബറൽ/ഇടതു പക്ഷ രാഷ്ട്രീയത്തെ സായുധമായി പോലും കടന്നാക്രമിക്കുന്ന തീവ്ര മതമൗലികവാദികളുടെ ഭീകര രാഷ്ട്രീയവും വളർന്നു വരുന്നുണ്ട്.ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി നില കൊണ്ടതിന്റെ പേരിൽ ഷഹബാസ് ഭട്ടിയും സൽമാൻ തസ്സീരും രക്തസാക്ഷികൾ ആയതു ഓർക്കാവുന്നതാണ്.തീവ്ര മതമൌലികവാദികളുടെ ഭീകര ഭരണം ഔദ്യോഗിക പാകിസ്താൻ ഭരണകൂടത്തെ വെല്ലുവിളിച്ചു കൊണ്ട് നിലനിൽക്കുന്നതാണ് പാകിസ്ഥാനിലെ സ്വാത് താഴ്വരയിൽ കാണുന്നത്.അവിടുത്തെ സമാന്തര ഭരണകൂടം നടപ്പിലാക്കിയ ക്രൂരമായ മനുഷ്യാവകാശ ലംഘനം ആയിരുന്നു സ്കൂളിൽ പോകാനുള്ള അവകാശത്തിനു വേണ്ടി നിലകൊണ്ടതിനു മലാല ക്ക് എതിരെ നടത്തിയ ആക്രമണം.മത രാജ്യത്തിന്റെ വക്താക്കൾ ആയ എസ്.ഐ.ഓ ക്കാർ ഈ തീവ്ര മതമൗലികവാദികളിൽ തങ്ങളുടെ സ്വാഭാവിക മിത്രങ്ങളെ കണ്ടെത്തുന്നു.അതിനാൽ പഠിക്കാനായി പട പൊരുതിയ പെണ്‍കുട്ടിക്ക് വില്ലൻ പരിവേഷം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്.ഇത് കേവലം അമേരിക്കയും താലിബാനും തമ്മിലുള്ള വിഷയമല്ല,മറിച്ചു മതരാഷ്ട്രവാദത്തിന്റെ മറവിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്താൻ ശ്രമിക്കുന്ന മത തീവ്രവാദികളോട് പാകിസ്ഥാനി ജനത നടത്തുന്ന ചെറുത്തു നിൽപ്പിന്റെ പ്രതീകമാണ് മലാല എന്നാണു പുരോഗമന പ്രസ്ഥാനങ്ങളുടെ നിലപാട്.

മതമൗലികവാദത്തിനു വേണ്ടി മനുഷ്യത്വം മറക്കുന്ന എസ്.ഐ.ഓ പോലുള്ള സംഘടനകളുടെ ഭാവി എന്തായിരിക്കും എന്ന് അറിയാൻ   നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് നോക്കിയാൽ മതി.  1971-ഇല്‍ പാകിസ്താന്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ് അക്കാലത്ത് ജമാഅത്തെ ഇസ്ലാമിയും ചാത്ര് ശിബിരും  ചെയ്തത്.നിരായുധരായ ജനങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ നടത്താന്‍ ബംഗ്ലാദേശി ദേശീയത അല്ല പാകിസ്ഥാനെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന മതവികാരം മാത്രമാണ് പ്രധാനം എന്ന് കരുതിയ മതരാഷ്ട്രവാദികള്‍ക്ക് മടിയുണ്ടായില്ല.ആ അതിക്രമങ്ങളെ എല്ലാം അതിജീവിച്ചു കൊണ്ട് ബംഗ്ലാദേശി ജനത പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്രം പൊരുതി നേടി.ഇന്ന്,ദശാബ്ദങ്ങള്‍ക്ക് ശേഷം ആണെങ്കിലും ബംഗ്ലാദേശി ജനത മതമൗലികവാദികളോടു കണക്കു തീര്‍ക്കുകയാണ്.വർഗ്ഗീയ വികാരങ്ങൾക്കും മതഭ്രാന്തിനും മേൽ മാനുഷിക മൂല്യങ്ങൾ അന്തിമ വിജയം നേടും എന്നാ സന്ദേശമാണ് ശാഹ്ബാഗ് ചത്വരം ലോകത്തിനു നല്കുന്നത്.ഇതെല്ലാം കേരളത്തിലെ ക്യാംപസ്സുകൾക്ക് ആവേശം നൽകേണ്ടതാണ്.

ക്യാംപസ്സുകളിൽ വിദ്യാർഥികൾക്ക് ജാതി-മത ഭേദമന്യേ ഒന്നിച്ചു ചേരാൻ സംഘടനകൾ ആവശ്യമില്ല എന്നും എല്ലാവരും സമുദായ അടിസ്ഥാനത്തിൽ   "സ്വയം നിയന്ത്രണത്തിന്‍െറ വഴി" തെരഞ്ഞെടുക്കട്ടെ എന്നും ഉള്ള വാദവും ആത്യന്തികമായി എ.ബി.വി.പി പോലുള്ള സംഘടനകൾക്ക് പരോക്ഷ സഹായം ചെയ്തു കൊടുക്കലാണ്.രാഷ്ട്രീയ ഇടങ്ങളെല്ലാം വർഗ്ഗീയ അടിസ്ഥാനത്തിൽ പങ്കു വെച്ചു എടുക്കുക എന്നത് ഇരുവരുടെയും പൊതു അജണ്ടയാണല്ലോ...അത് കൊണ്ടാണ് "എ.ബി.വി.പി ക്കാരന്റെ ജനാധിപത്യ അവകാശ"ത്തിനു വേണ്ടി എസ്.ഐ.ഓ ക്കാരൻ ആവേശപൂർവ്വം ഓണ്‍ലൈൻ പ്രചരണം നടത്തുന്ന കാഴ്ച്ചയും എച്ച്.സി.യു വിലെ വിദ്യാർഥി സമൂഹത്തിനു കാണേണ്ടി വന്നത്.ഒപ്പം തനി ഫാഷിസ്റ്റ്‌ ശൈലിയിൽ എതിർ ശബ്ദങ്ങൾക്ക്‌ ഇരുട്ടടി കൊടുത്തിട്ടുള്ള  പാരമ്പര്യവും എച്ച്.സി.യു വിൽ എസ്.എഫ്.ഐ ക്കാണോ അതോ എസ്.ഐ.ഓ ക്കാണോ ഉള്ളത് എന്ന് വെറുതെ ഒന്ന് അന്വേഷിച്ചാൽ ആർക്കും ബോധ്യപ്പെടും.എസ്.ഐ.ഓ ക്കാരന്റെ കമ്മ്യൂണിസ്റ്റ് ഫോബിയ മുൻപ് മുസ്ലീം വിദ്യാർഥികളുടെ അഡ്മിഷൻ എസ്.എഫ്.ഐ തടഞ്ഞു,ഓണ സദ്യക്ക് ഇറച്ചി വിളമ്പരുത് എന്ന് എസ്.എഫ്.ഐ പറഞ്ഞു എന്നൊക്കെ നുണപ്രചരണം നടത്തി പ്രകടിപ്പിച്ചതിന്റെ ഒരു തുടര്ച്ച  മാത്രമാണ് ഇപ്പോൾ നടത്തുന്ന ഈ പ്രചരണങ്ങൾ.

ഇനി നമുക്ക് തുടങ്ങിയ ഇടത്തേക്ക് തിരിച്ചു വരാം.ജമാത്ത്‌ ആരോപണങ്ങളുടെ തുടർച്ചയായി ഉത്താരാധുനിക സിദ്ധാന്തങ്ങൾ അലങ്കാരമായി കൊണ്ട് നടക്കുന്ന ചില ബൂർഷ്വാ ആക്റ്റിവിസ്റ്റുകൾ എസ്.എഫ്.ഐ നടത്തുന്ന സമരങ്ങളെ പുച്ഛിച്ചു രംഗത്ത് വരികയുണ്ടായി.വലിയ വായിൽ സിദ്ധാന്തങ്ങൾ പറയുമ്പോഴും തങ്ങളുടെ മധ്യവർഗ്ഗ ബോധ്യങ്ങളിൽ നിന്നും പുറത്ത് കടക്കാൻ കഴിയാത്ത ഇവരുടെ അവസ്ഥ ദയനീയമാണ്.സർവകലാശാലയിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ഹോസ്ടൽ ഫീ മൂന്നു ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഉള്ള അധികാരികളുടെ നീക്കം ഈ വർഷവും എസ്സ്.എഫ്.ഐ. തടഞ്ഞു.ഉന്നതവിദ്യാഭ്യാസ മേഖലയെ ആകെ സ്വാശ്രയവത്കരിക്കാൻ ഉള്ള നീകത്തിന്റെ ഭാഗമായി ഇത്തവണ ഫീസ്‌ വർദ്ധന അടിച്ചേൽപ്പിക്കാൻ മാനവവിഭവശേഷി മന്ത്രാലയം അന്ത്യശാസനം നല്കിയിരുന്നു എങ്കിലും ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തിനു മുന്നില് സർവകലാശാല അധികാരികൾക്ക് മുട്ട് മടക്കേണ്ടി വന്നത് സർക്കാർ നയത്തിന് തിരിച്ചടിയായി.ഈ  വർഷം ഏപ്രിൽ പതിനഞ്ചിനു നടന്ന അക്കാദമിക് കൌണ്‍സിലിൽ ഫീസ്‌ വർദ്ധന പാസാക്കാൻ നീക്കം ഉണ്ടായിരുന്നു എങ്കിലും ഏതറ്റം വരെയും ചെന്ന് സമരം ചെയ്യാൻ തയ്യാറായി എസ്സ്.എഫ്.ഐ യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കൌണ്‍സിൽ യോഗം നടക്കുന്ന ഹാളിനു മുന്നിൽ സമരം ആരംഭിച്ചതോടെ അധികാരികൾക്ക് നീക്കം ഉപേക്ഷിക്കേണ്ടി വന്നു.ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും എല്ലാമായി നവലിബറൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഒത്തു കൂടിയ വിദ്യാർഥികൾ നവലിബറൽ നയങ്ങള്ക്ക് എതിരെ ഉയർന്നു വന്നു ചോദ്യം ചെയ്യുന്ന പ്രബുദ്ധ ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായി മാറി.ഈ സമരം നേരത്തെ പറഞ്ഞ വരേണ്യ വർഗ്ഗത്തിനും അവരുടെ താൽപ്പര്യങ്ങൾക്കു വിധേയപ്പെട്ടു നില്ക്കുന്ന ബൂർഷ്വാ ആക്റ്റിവിസ്റ്റ്കൾക്കും ഒഴിച്ചു ബാക്കിയെല്ലാവർക്കും വലിയ ആശ്വാസമായിരുന്നു.
കൂടുതൽ കാശ് നല്കി കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുക എന്ന് നവ ലിബറൽ യുക്തി തന്നെയാണ് ഈ പുച്ഛത്തിനു പിന്നിലും.കൂടുതൽ ഫീ കൊടുത്ത് പഠിക്കുക എന്നത് തങ്ങളുടെ അഭിമാന പ്രശ്നമായി കാണുന്ന ഒരു വരേണ്യ വർഗ്ഗം എച്ച്.സി.യു വിൽ എസ്.എഫ്.ഐയുടെ സമരങ്ങളെ എന്നും പരിഹസിച്ചു രംഗത്ത് വന്നിട്ടുണ്ട്.

ഒന്ന് കൂടി പറയട്ടെ.ഇവിടെ എസ്.എഫ്.ഐ. ക്കാർ സരസ്വതി പൂജ പോലുള്ള സവർണ്ണ ആഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നു എന്നൊരു ആക്ഷേപവും എസ്.എഫ്.ഐ വിരോധികൾ പല വേദികളിലും ഉന്നയിച്ചു കാണുന്നു.ഈ ക്യാമ്പസ്സിൽ എസ്.എഫ്.ഐ മുൻകൈ എടുത്ത് ഒരു ആഘോഷവും  നടത്തുന്ന പതിവില്ല.ഓണം,സരസ്വതി പൂജ മുതലായ ആഘോഷങ്ങൾ ചില ഭാഷാ അടിസ്ഥാനത്തിലുള്ള സംഘടനകൾ നടത്തുന്നതാണ്.അതിലൊന്നും എസ്.എഫ്.ഐ.കു ഉത്തരവാദിത്വമില്ല.നമ്മുടെ ജനകീയമായ പല ആഘോഷങ്ങളെ കുറിച്ചും വിവിധങ്ങളായ വായനകൾ സാധ്യമാണ്.ഇതിലെയെല്ലാം സവർണ്ണത അന്വേഷിക്കുന്ന വായനകൾക്കും എസ്.എഫ്.ഐ എതിരല്ല.എന്നാൽ ഇവയെല്ലാം അവർണ്ണർ അടക്കമുള്ള വലിയ വിഭാഗം ജനങ്ങൾ സന്തോഷത്തോടെ ആചരിക്കുന്ന യാദാർത്ഥ്യമാണ് നമുക്ക് മുന്നിലുള്ളത്.വിദ്യാർത്ഥികളുമായി നിരന്തരം ബന്ധം പുലര്ത്തെണ്ടവർ എന്ന നിലയ്ക്ക് ഇത്തരം ഭാഷാ സമൂഹങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ എസ്.എഫ്.ഐ പ്രവർത്തകർ സ്വാധീനം അറിയിക്കുന്നുമുണ്ടാകാം.ഇവിടെ എസ്.എഫ്.ഐ നിലപാടിൽ ഒരു അവ്യക്തതയും ഇല്ല.എന്നാൽ എസ്.എഫ്.ഐ യെ കല്ലെറിയാൻ നില്ക്കുന്ന ചിലരിലാണ് തികഞ്ഞ അവസരവാദവും ഇരട്ടത്താപ്പും കാണാൻ കഴിയുക.എസ്.എഫ്.ഐ ക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും  ഹോളി പോലുള്ള 'സവർണ്ണ' ആഘോഷങ്ങളിൽ മതി മറന്നു ആഘോഷിക്കുന്നവർ ആണ് വാചകമടിയിൽ മുന്നിലുള്ളത് എന്നത് രസകരമാണ്. 

 ഇത്തരം ഇടതു വിരോധികൾ ആഗോളവത്കരണ യുക്തികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരട്ടെ... ഞങ്ങൾ ഒന്ന് തളർന്നു പോയാൽ ഭാവി അനിശ്ചിതത്വത്തിലായി പോകുന്ന ഒരു വിദ്യാർഥി സമൂഹം കാത്തിരിക്കുമ്പോൾ ഞങ്ങൾക്ക് തളരാൻ കഴിയില്ല.ഈ ചെന്താരകം ഇനിയും ഇവിടെ  ജ്വലിച്ചു നിൽക്കും...  

Thursday, 28 March 2013

മതേതരത്വത്തെ കുറിച്ച്...



കഴിഞ്ഞ കുറച്ചു നാളുകളായി "ഇന്ത്യൻ സെക്യുലരിസം" എന്നാ സങ്കല്പ്പത്തെ കുറിച്ച് കൂടുതൽ കൂടുതൽ ചിന്തിക്കാൻ പല കാരണങ്ങൾ കൊണ്ടും നിർബന്ധിതനാവുകയാണ്.ഓരോ തവണ ഈ വിഷയത്തെ കുറിച്ച് ഗൗരവമായ ചിന്തയിൽ  ഏർപ്പെടുമ്പോഴും,ഓരോ തവണയും ഈ വിഷയത്തിൽ ചില ചങ്ങാതിമാരുമായി നടത്തുന്ന ചർച്ചകൾ (മിതമായ സ്വരത്തിൽ ആരംഭിച്ചു,അടുത്ത മുറികളിലെ അയൽക്കാരുടെ സ്വസ്ഥത നശിപ്പിക്കുന്ന തരത്തിൽ അത്യുച്ചത്തിൽ ഉള്ള പോർവിളികളിൽ ചെന്നെത്തി) അവസാനിക്കുമ്പോഴും,ഈ സങ്കൽപ്പത്തോട് ഉള്ള എന്റെ വിയോജിപ്പിനും വിമർശനങ്ങൾക്കും കൂടുതൽ വ്യക്തത കൈ വരുന്നു എന്നതാണ് ഇത് വരെയുള്ള അനുഭവം.മറിച്ചു ചിന്തിക്കാൻ,പലരും കൊട്ടി ഘോഷിക്കുന്ന "ഇന്ത്യൻ മതേതരത്വ"ത്തോടു കുറച്ചു യോജിപ്പ് തോന്നാൻ ഇടയാക്കുന്ന വാദഗതികൾ ഒന്നും ഞാൻ ഇത് വരെ കേട്ടില്ല.

ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതി ഔപചാരികമായി മതേതരം ആയി നിലകൊള്ളുമ്പോഴും,മൂന്നു തരത്തിൽ ഉള്ള വിമർശനങ്ങൾ ഇന്ന് ഇതിന്റെ പ്രവർത്തനത്തിനു എതിരേ ഉയർന്നു കേൾക്കുന്നു.ഒന്നാമത്തേത് ഉയർന്നു കേൾക്കുന്നത് ഹിന്ദു വർഗീയവാദ സംഘടനകളിൽ നിന്നുമാണ്.ഇന്ന് ഇന്ത്യയിൽ പ്രായോഗിക തലത്തിൽ നിലനിൽക്കുന്നത് ഒരു കപട മതേതരത്വം ആണ് എന്ന് ഇവർ  പരാതിപ്പെടുന്നു.ന്യൂനപക്ഷ സമുദായങ്ങൾക്ക് മതേതര സർക്കാരുകൾ അനർഹമായ സൌജന്യങ്ങൾ നൽകുന്നുവത്രെ.  ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാത്തതും,ഹജ്ജിനു സബ്സിഡി കൊടുക്കുന്നതും,ന്യൂനപക്ഷ വിദ്യാർഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ്‌ പദ്ധതി നടപ്പിൽ ആക്കിയതും എല്ലാം ഇവർ  ചൂണ്ടി കാട്ടുന്നു.രണ്ടാമത്തേത് ന്യൂനപക്ഷങ്ങൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ആണ്.ഇന്ത്യൻ വ്യവസ്ഥിതി ഇപ്പോഴും തങ്ങൾക്കു തുല്യത ഉറപ്പു വരുത്തിയിട്ടില്ല എന്ന് ആക്ഷേപം ഉന്നയിക്കപെടുന്നു.ഭരണകൂടം ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള മുൻവിധികൾക്ക് പ്രോത്സാഹനം നൽകുകയാണ് എന്നും,തീവ്രവാദ കേസുകൾ കെട്ടി ചമച്ചു ഉണ്ടാക്കി നിരപരാധികൾ ആയ മുസ്ലീം ചെറുപ്പക്കാരെ ജയിലിൽ അടയ്ക്കുകയാണ് എന്നും,ബാബറി മസ്ജിദ് തകരാതെ നോക്കാൻ പോലും ഇവിടുത്തെ മതേതര പാർട്ടികൾക്ക് കഴിഞ്ഞില്ല എന്നും,മുസ്ലീങ്ങൾ ഇപ്പോഴും ഇന്ത്യയിൽ എത്രയോ പിന്നാക്കം ആണ് എന്ന് സച്ചാർ കമ്മിറ്റി  റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു എന്നും എല്ലാം ഈ പക്ഷത്തു നിന്നും ഉയർന്നു കേൾക്കാറുണ്ട്. മൂന്നാമത്തെ വാദം മറ്റു രണ്ടു വാദങ്ങളെ അപേക്ഷിച്ച് പ്രചാരം കുറഞ്ഞ ഒരു വാദമാണ്.അത് ഈ മണ്ണിലെ യഥാർത്ഥ മതേതരവാദികളുടെ ശബ്ദമാണ്.മതത്തെ രാഷ്ട്രീയത്തിൽ ഇടപെടാൻ അനുവദിക്കാതെ സൂക്ഷിക്കുക എന്നാ മതേതര മൂല്യത്തെ കാറ്റിൽ പറത്തിയ ഇന്ത്യൻ നേതാക്കന്മാർ എല്ലാ മതങ്ങളെയും ചുമക്കുന്നതാണ് സെക്യുലരിസത്തിന്റെ മഹത്തായ മാതൃക എന്നും മതത്തിന്റെ കലർപ്പില്ലാത്ത രാഷ്ട്രീയം എന്നത് വൈദേശികവും ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയാത്തതും/ പാടില്ലാത്തതും ആയ ഒരു ആശയമാണ് എന്നും ജനങ്ങളെ പഠിപ്പിച്ചു എന്നും ആ അബദ്ധ ധാരണകളെ തിരുത്തി എഴുതാത്തിത്തോളം കാലം ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം പാല് കൊടുത്തു വളർന്നു കൊണ്ടിരിക്കും എന്നും അവർ വാദിക്കുന്നു.

മൂന്നാമത്തെ വിഭാഗത്തിൽ പെടുന്ന ആളുകൾ ന്യൂനപക്ഷങ്ങൾ പാര്ശ്വവത്കരിക്കപ്പെട്ടു പോകുന്നതിനു പരിഹാരമായി അവർക്ക് വേണ്ടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾക്ക്‌ എതിരല്ല.എന്നാൽ ഭൂരിപക്ഷ വർഗീയതക്ക് പരിഹാരം ന്യൂനപക്ഷ വർഗീയതയാണ് എന്നത് അവർ അംഗീകരിക്കുന്നില്ല.

ഭൂരിപക്ഷ വർഗീയവാദികളും ന്യൂനപക്ഷ വർഗീയവാദികളും തമ്മിൽ അടിസ്ഥാനപരമായ ചില കാര്യങ്ങളിൽ യോജിപ്പുണ്ട്.ഒന്നാമത് ഒരേ മതത്തിൽ പെട്ട എല്ലാവർക്കും ഒരേ രാഷ്ട്രീയ താൽപ്പര്യങ്ങൾ ആണ് എന്ന് അവർ പ്രഖ്യാപിക്കുന്നു,അതിനാൽ ഒരാൾ തന്റെ മതസമുദായത്തിന്റെ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതു എന്നും കരുതുന്നു.ചുരുക്കി പറഞ്ഞാൽ ഇരുവരും മതത്തെ രാഷ്ട്രീയ മത്സരത്തിനു ഉള്ള ഉപാധിയാക്കി മാറ്റാൻ ശ്രമിക്കുന്നു.ഈ മത്സരം ആത്യന്തികമായി ഏതു വിഭാഗത്തെ സഹായിക്കും എന്ന് ചിന്തിക്കേണ്ടതാണ്. ഈ മത്സരം തുല്ല്യർ തമ്മിൽ അല്ല,നിർദോഷകരവും അല്ല.ഭൂരിപക്ഷ വർഗീയവാദികൾ സംഘടിത ന്യൂനപക്ഷശക്തിയെ കാട്ടിയും,ന്യൂനപക്ഷ വർഗീയവാദികൾ സംഘടിത ഭൂരിപക്ഷശക്തിയെ കാട്ടിയും ആളെ കൂട്ടുന്നു.അങ്ങനെ മതവിഭാഗങ്ങൾക്കിടയിൽ അരക്ഷിതബോധം വളർത്തി മുതലെടുക്കുന്നു.സമൂഹത്തെ വർഗീയമായ ധ്രുവീകരണത്തിലേക്ക് നയിക്കുന്നു.സ്വാഭാവികമായും രാഷ്ട്രീയ ഇടത്തെ ഇവർ  തമ്മിൽ പങ്കു വെച്ച് എടുക്കാൻ ശ്രമിക്കുന്നു.ഇത് ആത്യന്തികമായി ലാഭം ചെയ്യുക ഭൂരിപക്ഷ വർഗീയതക്ക് തന്നെ.മതേതരം ആകേണ്ട വ്യവസ്ഥിതി ഭൂരിപക്ഷസമുദായ താല്പ്പര്യങ്ങളോട് ചാഞ്ഞു നിൽക്കുന്നതായി മാറുന്നതിനു മതത്തെ രാഷ്ട്രീയ ഇടത്തിലേക്ക് വലിച്ചു ഇഴയ്ക്കാൻ ആവേശം കാട്ടുന്ന എല്ലാവരും ഒരു പോലെ ഉത്തരവാദികൾ ആണ് എന്ന് അർത്ഥം.


കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല.വർഗ്ഗീയ ധ്രുവീകരണം കേരളത്തിൽ അനുദിനം കൂടുതൽ  കൂടുതൽ പ്രകടമായി കൊണ്ടിരിക്കുന്നു.അർദ്ധസത്യങ്ങളും നുണകളും പ്രചരിപ്പിച്ചു ഭൂരിപക്ഷ വർഗീയവാദികൾ ഹിന്ദുക്കൾ ആകെ പിന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും  ന്യൂനപക്ഷങ്ങൾ വിലപേശി നേടുന്നത് കണ്ടു പഠിക്കൂ എന്നും കേരളത്തിന്റെ തെരുവുകളിൽ മുന്പോന്നും ഇല്ലാത്ത അത്ര ഉച്ചത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.മറുവശത്ത് ഇതേ തന്ത്രം ന്യൂനപക്ഷ വർഗീയവാദികളും പയറ്റുന്നു.സ്കൂൾ സിലബസ്സുകൾ പോലും മതമേധാവികൾ തീരുമാനിക്കുന്ന തരത്തിലേക്ക് കേരളം അധപതിച്ചിരിക്കുന്നു.ഏറ്റവും നീചമായ രീതിയിൽ കൃത്രിമത്വം കാണിച്ചു ഒരു പ്രത്യേക സമുദായത്തിനു ഇടയിൽ അരക്ഷിത ബോധം വളർത്താൻ ഉള്ള ശ്രമങ്ങൾ ചില മതമൗലികവാദികളാൽ നടത്തപ്പെടുന്ന മാധ്യമ സ്ഥാപനങ്ങൾ നടത്തുന്നതും നാം കണ്ടു.
ഇതൊക്കെ നടക്കുമ്പോഴും,രാഷ്ട്രീയത്തെ മതേതരം ആക്കി തീർക്കാൻ ഉള്ള പോരാട്ടത്തിനു അനുദിനം പ്രസക്തി വർദ്ധിച്ചു വരുമ്പോഴും,ചിലർക്ക് ഇപ്പോഴും മതേതര സങ്കല്പങ്ങൾ കേൾക്കുമ്പോഴേക്കും ഞെട്ടലാണ്.വർഗീയ അജണ്ടകൾ ഒന്നും ഇല്ലാത്ത ചിലരെ കുറിച്ചാണ് പറയുന്നത്.പക്ഷെ,മതം പൊതു ഇടങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്നതും ആധിപത്യം ഉറപ്പിക്കുന്നതും ഒന്നും വലിയ പ്രശ്നം ഒന്നും അല്ല,അതിന്റെ ദോഷവശങ്ങൾ എല്ലാം മതത്തിനു അകത്തു നിന്ന് തന്നെ താനേ നവീകരിക്കപ്പെട്ടു കൊള്ളും എന്നാണു ഇവർ  പറയുന്നത്.അങ്ങനെ എല്ലാ മതങ്ങളും ശുധീകരിക്കപ്പെട്ടു,അവയെല്ലാം ചേർന്ന് സമൂഹത്തെയാകെ ശുദ്ധീകരിച്ചു രക്ഷിക്കുന്ന ആ നല്ല കാലത്തെയും സ്വപ്നം കണ്ടു കഴിയാൻ ആണ് ഉട്ടോപ്പിയൻ സ്വപ്നങ്ങളുടെ മേടകളിൽ അഭയം കണ്ടെത്തുകയും അങ്ങനെ യാഥാർത്യങ്ങൾ ആവശ്യപ്പെടുന്ന രൂക്ഷമായ പോരാട്ടങ്ങളെ തള്ളി പറയുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ആഹ്വാനം.

ഈ പശ്ചാത്തലത്തിൽ ആണ് ഡി.വൈ.എഫ്.ഐ. ഈയിടെ നടത്തിയ ക്യാമ്പയിൻ ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്ന് പറയേണ്ടി വരുന്നത്.ജാതി-മത ശക്തികളുടെ ഒരു കോണ്‍ഫെടെരേഷൻ ആയി മാറിക്കഴിഞ്ഞ ഭരണമുന്നണി ഒരു വശത്തും ജാതി-മത ശക്തികളെ ആകെ തള്ളി പറഞ്ഞു കൊണ്ട് ഇടതു പക്ഷം മറുവശത്തും നില്ക്കുന്ന ഒരു ചിത്രം സമൂഹത്തിനു മുന്നില് കാട്ടാൻ പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ ആ ഉദ്യമം മൂലം സാധ്യമായി."വിശ്വരൂപം" വിവാദത്തിൽ സി.പി.ഐ.(എം)ഉം ഡി.വൈ.എഫ്.ഐ ഉം എടുത്ത നിലപാടും അഭിനന്ദനാർഹമായിരുന്നു.തങ്ങൾക്കു അനുകൂലമല്ലാത്ത നിലപാട് എടുത്താൽ ഉടനെ കമ്മ്യുണിസ്റ്റ്കാർ മൃദുഹിന്ദുത്വവാദികൾ ആണ് എന്ന് പ്രചരിപ്പിക്കുന്ന പതിവ് തന്ത്രം അപ്പോഴും ചിലര് എടുത്തു പ്രചരിപ്പിച്ചു.മതത്തിന്റെയും സമുദായത്തിന്റെയും പേര് പറഞ്ഞു നടത്തുന്ന കൊള്ളരുതായ്മകളെ,വിവേചനരഹിതമായി തെരുവില്‍ സ്ഫോടനങ്ങള്‍ സൃഷ്ടിച്ചും കലാപങ്ങള്‍ ഉണ്ടാക്കി വംശഹത്യ നടത്തിയും മുന്നേറുന്ന മതഭ്രാന്തിനെ,മതത്തിന്റെ പേരില്‍ ഉള്ള ഹീനവും മനുഷ്യത്വരഹിതവും ആയ ആചാരങ്ങളെ എല്ലാം കലാകാരന്മാര്‍ക്ക് തുറന്നു കാട്ടേണ്ടി വരും.അതിനെ ഉടനെ മതത്തെയും സമുദായത്തെയും അവഹേളിക്കല്‍ ആയി പരാതിപ്പെട്ടു കലാകാരനോട്‌ അങ്കം വെട്ടാന്‍ ഇറങ്ങുന്നത് പ്രതിഷേധിക്കാന്‍ ഉള്ള അവകാശത്തിന്റെ പേര് പറഞ്ഞു ന്യായീകരിക്കാന്‍ പറ്റില്ല.മറിച്ച്,അത് ആവിഷ്കാര സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റവും തങ്ങള്‍ക്കു ഇഷ്ടമില്ലാത്തത് പറയുന്നവരെ മതവികാരത്തിന്റെ പേര് പറഞ്ഞു നിശബ്ദമാക്കുന്ന തന്ത്രവുമാണ്‌.ഇന്ത്യയില്‍ സംഘപരിവാറും ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുകയും അവര്‍ക്ക് എതിരെ ലിബറല്‍ പക്ഷത്തു നിന്നും ഇടതുപക്ഷത് നിന്നും പ്രതിഷേധം ഉയരുകയും ചെയ്തിട്ടുള്ളതിനാല്‍ "അപരവിഭാഗങ്ങള്‍ക്ക്" നേരെ നടത്തുന്ന വിവേചനം ആയി മതമൗലികവാദത്തോട് ഉള്ള ഇടതു-ലിബറല്‍ എതിര്‍പ്പിനെ ചിത്രീകരിക്കുന്നതതിനു ചിലർ നടത്തിയ ശ്രമങ്ങൾ  ബാലിശമാണ്.സാമ്രാജ്യത്വവും നവഹിന്ദുത്വവും മാത്രമല്ല ഇസ്ലാമിക മതമൗലികവാദവും പുരോഗമനപക്ഷത്തിനു എതിര്‍ക്കാതിരിക്കാന്‍ കഴിയാത്ത ഒന്നാണ്. 
  
ഇടത്പക്ഷക്കാർ എന്ന് അവകാശപ്പെടുന്ന ചിലര് തന്നെ ചില മതമൗലികവാദ സംഘടനകൾ പടച്ചു വിടുന്ന അബദ്ധ സിദ്ധാന്തങ്ങളുടെ പ്രചാരകർ ആയി മാറുകയും അവർ ഒരുക്കി കൊടുക്കുന്ന ഒരു കോളം ഇടത്തിനും കുറച്ചു അച്ചടി മഷിക്കും വേണ്ടി അവരുടെ വാദങ്ങളുടെ ഏറ്റുപറച്ചിലുകാർ ആയി മാറുകയും ചെയ്യുന്ന അവസ്ഥയുണ്ട്.ഇല്ലാത്ത അരക്ഷിതാവസ്ഥ തങ്ങളുടെ സൈദ്ധാന്തിക പ്രാവീണ്യം കൊണ്ട് ഉണ്ടാക്കിയെടുത്ത് വർഗീയതക്ക് നിലം ഒരുക്കി കൊടുക്കുന്ന ആ പരിപാടി ചെയ്യാൻ എന്തായാലും പക്വതയുള്ള നേതൃത്വമുള്ള സി.പി.ഐ(എം) തയ്യാറാകുന്നില്ല എന്നത് മതേതര വിശ്വാസികൾക്ക് ആഹ്ലാദം നൽകുന്നതാണ്.

യഥാർത്ഥ മതേതരവാദികൾ മതത്തിന്റെ പേരിൽ ആരെങ്കിലും പീഡിപ്പിക്കപ്പെടുമ്പോൾ നിസംഗത പുലർത്തുന്നില്ല.ആ പീഡനത്തെ കാണുകയും അതിനു എതിരെ പോരാടുകയും ചെയ്യാൻ അവർ തയ്യാറുമാണ്.പക്ഷേ,അതിന്റെ മറവിൽ മറ്റൊരു വർഗീയതയെ ഒളിച്ചു കടത്താൻ നോക്കുന്നവരുമായി കൈകോർത്തു പിടിക്കാൻ,അവർ ഒരുക്കി തരുന്ന വേദികളുടെ ആകർഷണീതയിൽ മയങ്ങി ആശയത്തിൽ വെള്ളം ചേർക്കാൻ,അവർ തയ്യാർ അല്ല എന്ന് മാത്രം.ഒരു വിഭാഗത്തിന്റെ തെറ്റുകളെ നിസ്സാരവത്കരിച്ച് കാട്ടുകയും മറുവിഭാഗത്തിന്റെ ചെയ്തികളെ പെരുപ്പിച്ചു കാട്ടുകയും ചെയ്തു മതേതര പ്രതിഛായയെ ആരുടെയെങ്കിലും കാൽക്കൽ കൊണ്ട് പോയി കാഴ്ച വെച്ച് പ്രതിഫലം പറ്റാനും അവർ തയ്യാർ അല്ല.വർഗീയതയിൽ "എലി വർഗീയത"യും "പുലി വർഗീയത"യും ഇല്ല.എല്ലാ വർഗീയതകളും പരസ്പരം പോഷിപ്പിച്ചു നാടിനെ നാശത്തിലേക്ക് നയിച്ച്‌ കൊണ്ടിരിക്കുകയാണ്.വർഗീയതയുടെ ചിഹ്നങ്ങൾക്ക്,അവ അടിച്ചേൽപ്പിക്കാൻ ഉള്ള ശ്രമങ്ങൾക്ക് സാഹിത്യഭാഷയിൽ വാചകമടിച്ചു പുകമറ സൃഷ്ടിച്ചു കൊടുത്തു സംരക്ഷിക്കാൻ യഥാർത്ഥ മതേതരവാദികൾക്ക് കഴിയില്ല.

വലിയൊരു ആപത്തായി മുന്നിൽ വന്നു നിൽക്കുന്ന ഈ അപകടത്തെ അതിജീവിക്കാൻ ഉള്ള ഏക വഴി യതാർത്ഥ മതേതര മൂല്യങ്ങളെ ഉയർത്തി പിടിക്കലും,സന്ധിയില്ലാത്ത സമരവുമാണ്...ഇവിടെ സന്ധി ചെയുന്നവർ എല്ലാം ചരിത്രത്താൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും... 
       

   

Friday, 8 March 2013

സംഘപരിവാറിന്റെ ദളിത്‌സ്നേഹം ......

ഇന്ത്യയിലെ ദളിത്‌ വിഭാഗങ്ങള്‍ക്ക് പുതിയ ഒരു 'രക്ഷകന്‍' അവതരിച്ചിരിക്കുന്നു.സാക്ഷാല്‍ നരേന്ദ്രമോഡി!!!ദൈവത്തിനും മനുഷ്യനും ഇടയില്‍ മധ്യസ്ഥന്‍ ആയി പ്രവര്‍ത്തിക്കാന്‍ ഉള്ള അവകാശം പൂണൂല്‍ ഇട്ട ബ്രാഹ്മണന്‍മാര്‍ക്ക് മാത്രമാണെന്ന പൊതുധാരണയോട് കലഹിക്കാന്‍ മോഡി തീരുമാനിച്ചിരിക്കുകയാണ്. ഉടനെ തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലെ മോഡി ഫാന്‍സ്‌ ഉഷാറായി.എന്ത് വിഷയം ചര്‍ച്ചക്ക് വന്നാലും കമ്മ്യുണിസ്റ്റ്കാരെ തെറി പറഞ്ഞില്ലെങ്കില്‍ മനസമാധാനം കിട്ടാത്ത ചില വര്‍ഗീയവാദികള്‍ മോഡിയെ പോലെ ദളിതര്‍ക്ക് പൂജാപരിശീലനം കൊടുക്കാന്‍ ആലോചിക്കാത്തത്തിനു കമ്മ്യുണിസ്റ്റ്കാര്‍ക്ക് എതിരെ പ്രചരണവും തുടങ്ങി. ഇതാണ് യഥാര്‍ത്‌ഥ വിപ്ലവം ,കണ്ടു പഠിച്ചോളൂ സഖാക്കന്മാരെ എന്നായി സന്ഘികള്‍.22.5 ലക്ഷം രൂപ എന്ന 'ഭീമമായ' സംഖ്യ വിപ്ലവത്തിന് വേണ്ടി വകയിരുത്തിയിട്ടുണ്ട് എന്നും കേട്ടു.

ദളിതരോടുള്ള സംഘ പരിവാര്‍ നിലപാടിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് മനുസ്മൃതിയോട്  സംഘപരിവാറിന്റെ നിലപാട് എന്താണ് എന്നാണ്. ദളിത്‌ വിഭാഗങ്ങളുടെ മോചനത്തിന് ഏറ്റവും തടസ്സം നില്‍ക്കുന്ന ഈ നിയമസംഹിതയെ എതിര്‍ക്കാതെ ദളിതരുടെ വിമോചനത്തെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് മനുസ്മൃതി പരസ്യമായി കത്തിക്കാന്‍ ഡോ.ബി. ആര്‍.അംബേദ്‌കര്‍ തയ്യാറായത്.1927 ഡിസംബര്‍ 25 നാണ് അംബേദ്‌കര്‍ പരസ്യമായി   മനുസ്മൃതി കത്തിക്കാന്‍ തയ്യാറായത്. ഇന്ത്യയിലെ നെറികെട്ട ജാതിവ്യവസ്ഥക്ക് ജനസമ്മതി ഉണ്ടാക്കി കൊടുത്തിരുന്ന മനുസ്മൃതിയെ കുറിച്ച് സംഘപരിവാര്‍ വെച്ചു പുലര്‍ത്തുന്ന നിലപാട് സംഘപരിവാറിന്റെ സവര്‍ണപക്ഷപാതവും പിന്തിരിപ്പന്‍ സ്വഭാവവും വ്യക്തമാക്കുന്നുണ്ട്.അവര്‍ക്ക് മനുസ്മൃതി ഇന്നും പവിത്രമാണ്.ലോകത്തിലെ എറ്റവും ആദ്യത്തെയും ഏറ്റവും മഹാനുമായ നിയമദാതാവായാണ് മനുവിനെ ഗോള്‍വാല്‍കെര്‍ കണ്ടിരുന്നത്.

 മനുസ്മൃതി മാത്രമല്ല പല ഹിന്ദുമതഗ്രന്ഥങ്ങളും അടിസ്ഥാനപരമായി സവര്‍ണ മേല്‍ക്കോയ്മ സ്ഥാപിക്കാനോ നിലനിര്‍ത്താനോ സഹായിക്കുന്നതാണ്.അതുകൊണ്ടാണ് മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു മതം ഒരു തരം ആത്മീയഫാസിസം ആണെന്ന് കാഞ്ച ഏലയ്യ നിരീക്ഷിക്കുന്നത്(.http://www.christiantoday.com/articl/interview.with.dr.kancha.ilaiah.leading.dalit.rights.campaigner.in.india/4495.htm )ഉദാഹരണത്തിന് മനുഷ്യന്റെ സൃഷ്ടി സംബന്ധിച്ചുള്ള ഹിന്ദുമത സങ്കല്‍പം തന്നെ അസമത്വത്തെ ന്യായീകരിക്കും വിധം ഉള്ളതാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.ബ്രഹ്മാവിന്റെ തലയില്‍ നിന്നും ബ്രാഹ്മണരും തോളുകളില്‍ നിന്നും ക്ഷത്രിയരും തുടകളില്‍ നിന്നും വൈശ്യരും പാദങ്ങളില്‍ നിന്നും ശൂദ്രരും ഉണ്ടായി എന്ന സങ്കല്‍പം ശൂദ്രനും താഴെയുള്ള,നാല് വര്‍ണ്ണങ്ങള്‍ക്ക്  പുറത്തുള്ള അവര്‍ണവിഭാഗങ്ങളില്‍ പെടുന്ന ആളുകള്‍ ഒന്നും ദൈവസൃഷ്ടിയെ അല്ല എന്നചിന്ത ഉല്പാദിപ്പിക്കുന്നു.ഇത്തരം സങ്കല്‍പ്പങ്ങളെ തള്ളി പറയാന്‍ സംഘപരിവാര്‍ ഒരുകാലത്തും തയ്യാറായിട്ടില്ല എന്ന് മാത്രമല്ല,പലപ്പോഴും അവയെ ഒക്കെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരായി അവര്‍ നിലകൊള്ളുകയും ചെയ്യുന്നു.ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്ന,അതിനോട് ആരാധന പ്രകടിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഗോള്‍വാള്‍ക്കറുടെ "വിചാരധാര"യില്‍ പലയിടത്തും കാണാം.

സംഘപരിവാര്‍ ആശയങ്ങള്‍ സവര്‍ണ്ണ മേല്‍ക്കോയ്മയെ സംരക്ഷിക്കും വിധം ആയിത്തീര്‍ന്നത് കേവലം യാദ്രിശ്ചികമല്ല.ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ഉദ്ഭവം പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് ബോധ്യപ്പെടും.1920കളില്‍ ഹിന്ദുത്വത്തിന്റെ  പ്രത്യയശാസ്ത്ര രൂപീകരണത്തിലും സംഘാടനത്തിലും മഹാരാഷ്ട്ര കേന്ദ്രസ്ഥാനം ആയി മാറിയിരുന്നു. മുസ്ലീങ്ങളില്‍ നിന്നും വെല്ലുവിളി നേരിടുകയോ വര്‍ഗീയ കലാപങ്ങളുടെ ചരിത്രപശ്ചാത്തലം ഉണ്ടാവുകയോ ചെയ്യാത്ത ഇവിടം കേന്ദ്രമായി മാറിയത് അത്ഭുതം ഉണ്ടാക്കുന്ന സംഗതിയാണ് എന്ന് തപന്‍ ബസു,പ്രദീപ്‌ ദത്ത,സുമിത് സര്‍ക്കാര്‍,തനിക സര്‍കാര്‍ സംബുധ സെന്‍ എന്നിവര്‍ തങ്ങളുടെ 'കാക്കി ഷോട്സ് സാഫ്രോണ്‍ ഫ്ളാഗ്സ്' എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. 1870 കള്‍ മുതല്‍ തന്നെ മഹാരാഷ്ട്രയില്‍ ബ്രാഹ്മണിസത്തിന് എതിരായ മുന്നേറ്റങ്ങള്‍ തുടങ്ങിയിരുന്നു.ഫുലെ യുടെയും അംബേദ്‌കര്‍ടെയും മറ്റും നേതൃത്വത്തില്‍ നടന്ന ദളിത്‌-പിന്നാക്ക വിഭാഗ മുന്നേറ്റങ്ങളെ ഭയപ്പെട്ട സവര്‍ണ ശക്തികള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മേല്‍ക്കോയ്മ തിരിച്ചു പിടിക്കാന്‍ നടത്തിയ ശ്രമമാണ് "ഹിന്ദുക്കള്‍" എല്ലാം ഒന്ന് എന്ന് പറഞ്ഞു സംഘടിപ്പിക്കുന്ന ഹിന്ദുത്വ പ്രചരണം എന്നാണ് അവര്‍ പ്രസ്തുത പുസ്തകത്തില്‍ തുടര്‍ന്നു നിരീക്ഷിക്കുന്നത്.(Basu, Tapan; Datta, Pradip; Sarkar, Sumit; Sarkar, Tanika;Sen, Sambuddha, `Khaki Shorts: Saffron Flags, Tracts For The Times/1', Orient Longrnan, New DEIW, 1993)അങ്ങനെ ഉത്ഭവിച്ച സംഘപരിവാര്‍ സവര്‍ണ്ണ താല്‍പ്പര്യങ്ങളുടെ സംരക്ഷകര്‍ ആയില്ല എങ്കിലെ അത്ഭുതമുള്ളു.

ഇന്ന് ദളിത്‌ സ്വത്വത്തെ ഉയര്‍ത്തി പിടിച്ചുകൊണ്ട്  സവര്‍ണ്ണമേല്‍ക്കോയ്മയ്ക്ക് എതിരെ പോരാടാന്‍ ദളിത്‌ പ്രസ്ഥാനങ്ങള്‍ ബീഫിനെ ഒരു ആയുധമാക്കുന്നു.ദളിത്‌ വിഭാഗങ്ങള്‍ പരമ്പരാഗതമായി പാലിച്ചു  പോരുന്ന ഭക്ഷണശീലങ്ങളെ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ട് പോലും തടയുന്നതിനു എതിരായ പോരാട്ടമാണ് അതിലൂടെ നടക്കുന്നത്. ഇവിടെയും ശത്രുവായി അവതരിക്കുന്നത് സംഘപരിവാര്‍ തന്നെ.2012 ഏപ്രില്‍ 15 നു ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയില്‍ ബീഫ് വിളമ്പിയ ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കിരാതമായ ആക്രമണമാണ് എ. ബി. വി . പി. നടത്തിയത്.കര്‍ണാടകത്തിലെ  മടെസ്നാന എന്ന ആചാരത്തിനു എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടും അത് നിരോധിക്കാതെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ മോഡിയുടെ പാര്‍ട്ടി തന്നെ ഭരിക്കുന്ന  സര്‍ക്കാര്‍ ശ്രമിക്കുന്നതും ഓര്‍ക്കാവുന്നതാണ്.


ഇങ്ങനെ,ഏതു നിലക്ക് നോക്കിയാലും ദളിത്‌ താല്‍പ്പര്യങ്ങളും സംഘപരിവാറിന്റെ താല്‍പ്പര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടില്ല.അങ്ങനെയിരിക്കെ,ഹിന്ദുത്വവാദികള്‍ ദളിതര്‍ക്ക് പൂജാരി സ്ഥാനം കൊടുത്തു കൊണ്ട് വിശാലമായ ഹിന്ദു ഐക്യം ഉണ്ടാക്കി കളയാം എന്ന് തീരുമാനിക്കുന്നതിന്റെ രാഷ്ട്രീയം ഗൌരവമായി ചര്‍ച്ച  ചെയ്യപ്പെടണം. ദളിത്‌ സംസ്കാരവും ജീവിതവും എങ്ങനെ സവര്‍ണ ഹൈന്ദവജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് എന്ന് കാഞ്ച ഐലയ്യ തന്റെ പ്രശസ്തമായ്‌ "വൈ ഐ ആം നോട്ട് എ ഹിന്ദു" എന്ന പുസ്തകത്തില്‍ സമര്‍ത്ഥമായി അവതരിപ്പിക്കുന്നുണ്ട്. ഹൈന്ദവതയോട് നേര്‍ക്കുനേര്‍ പൊരുതി ഉയര്‍ന്നു വന്നുകൊണ്ടിരികുന്ന ദളിത്‌പക്ഷ  മുന്നേറ്റങ്ങളെ ഇല്ലാതാക്കാന്‍ ഇന്ന് ഹിന്ദുത്വവാദികള്‍ പുരോഹിതസ്ഥാനത്തേക്ക് എത്തിക്കാനുള്ള പരിശീലനം  തന്നെ വാഗ്ദാനം ചെയ്തിരിക്കുന്നു.അത്തരം അപ്പക്കഷ്ണങ്ങള്‍ കൊണ്ട് ആ സമരത്തെ,നൂറ്റാണ്ടുകള്‍ ആയി അടിച്ചമര്‍ത്തലും പീഡനവും നിലനിര്‍ത്തിയ നീചവ്യവസ്ഥിതിയെ തച്ചുതകര്‍ക്കാന്‍ ഉള്ള ശ്രമത്തെ,  ഇല്ലാതാക്കാം  എന്ന സംഘപരിവാര്‍ മോഹം വ്യാമോഹം മാത്രമാണ്.

Wednesday, 13 February 2013

വാലന്‍റ്റൈന്‌സ് ഡേ ഭയപ്പെടുത്തുന്നത് ആരെയൊക്കെ?


ഇന്ത്യയില്‍ വാലന്‍റ്റൈന്‌സ്  ഡേ വിവാദങ്ങളുടെ ഉത്സവകാലം കൂടിയാണ്.ഒരു വശത്ത് അതിന്റെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ മറുവശത്ത് പ്രണയദിനാഘോഷത്തിന്റെ ധാര്‍മികതയും രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും എല്ലാം തലനാരിഴ കീറിമുറിച്ചു ചര്‍ച്ചചെയ്യപ്പെടുന്നു.പാശ്ചാത്യ സംസ്കാരത്തിന് "ഭാരതീയത" കീഴ്പെടുന്നതിനെ കുറിച്ചുള്ള വിലാപങ്ങള്‍,പ്രണയത്തിനു എന്തിനു ഒരു ദിനം എന്ന് ചോദിച്ചുള്ള പുച്ഛിക്കല്‍,മനുഷ്യവികാരങ്ങളെ മുതലാളിത്തം ചൂഷണം ചെയ്യുന്നതിനെ കുറിച്ചുള്ള വേവലാതികള്‍ടെ പങ്കുവെയ്ക്കല്‍ തുടങ്ങി "ഭാരതീയ സംസ്കാരത്തെ " രക്ഷിക്കാന്‍ ഉള്ള മഹാദൗത്യം സ്വയം ഏറ്റെടുത്ത മഹാന്മാരുടെ സദാചാര പോലീസിങ് എന്നിങ്ങനെ നീളുന്നു ഫെബ്രുവരി 14 ലെ ഇന്ത്യന്‍ തമാശകള്‍.ഈ വാചകമടികള്‍ടെയും വിലാപങ്ങളുടെയും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യാഥാസ്ഥിതിക-പിന്തിരിപ്പന്‍ മനോഭാവത്തെ കാണാതിരിക്കുന്നത്, ദേശസ്നേഹത്തിന്റെയും ഫെബ്രുവരി 14 നു മാത്രം ഉണരുന്ന മുതലാളിത്തവിരുദ്ധ മനോഭാവത്തിന്റെയും പുകമറ സൃഷ്ടിച്ചു കൊണ്ട് സമൂഹത്തെ പിന്നോട്ട് നടത്താന്‍ ശ്രമിക്കുന്ന ചില നിക്ഷിപ്തതാല്പര്യക്കാരുടെ അജണ്ടകളുടെ നടത്തിപ്പിന് മൗനസമ്മതം കൊടുക്കലാകും.

മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിതമായ,ജാതിയും മതവും ജീവിതത്തിന്റെ എല്ലാ തുറകളിലും കൊട്ടിഘോഷിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനു പ്രണയം എന്നാ ആശയം തന്നെ ഒരു വലിയ വില്ലനായി അനുഭവപ്പെടുന്നതില്‍ അത്ഭുതം ഇല്ല.പ്രണയം ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളെ തകര്‍ക്കാന്‍ ശക്തിയുള്ള ഒന്നാണ്.മനുഷ്യര്‍ സ്ത്രീയും പുരുഷനും മാത്രമായി മാറുന്ന,ജാതി-മത സ്വത്വങ്ങളെ കുടഞ്ഞെറിയുന്ന യഥാര്‍ത്ഥ പ്രണയങ്ങളെ ഇന്ത്യന്‍ മണ്ണിലെ യാഥാസ്ഥിതിക ശക്തികള്‍ക്കു എതിര്‍ത്തേ പറ്റൂ.മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്നതിനെ ജീവിതലക്‌ഷ്യം ആയി വരിച്ചിട്ടുള്ള വര്‍ഗീയവാദികള്‍ക്ക് അത് കൊണ്ട് തന്നെ ഫെബ്രുവരി 14 ഒരു സാധാരണ ദിവസം അല്ല.പ്രണയത്തെ പരസ്യമായി ആഘോഷിക്കുന്ന,പ്രണയം സന്മാര്ഗത്തില്‍ നിന്നുള്ള വ്യതിചലനം മാത്രമാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ പ്രണയം ആഘോഷിച്ചു നിഷേധികള്‍ ആകുന്ന,അറിഞ്ഞോ അറിയാതെയോ യാഥാസ്ഥിതിക ശക്തികള്‍ക്കു പ്രഹരം ഏല്‍പ്പിച്ചു കൊണ്ട് കലഹിക്കുന്ന അവരുടെ ശത്രുക്കളെ തേടിക്കൊണ്ട് അന്നവര്‍ തെരുവുകളില്‍ വേട്ടയ്ക്ക് ഇറങ്ങുന്നത് അതുകൊണ്ടാണ്.

പ്രണയിക്കുന്നവര്‍ക്ക് ഒരു ദിനം എന്തിനാണ് എന്നാ ചോദ്യം ന്യായം ആണ്.പക്ഷെ,ആ ചോദ്യം  അതെ  സമയം അനാവശ്യവും ആണ്.ദിനാചരണങ്ങള്‍ എല്ലാ സമൂഹത്തിലും നിലനില്‍ക്കുന്നു.മനുഷ്യര്‍ അതിനെ ഇഷ്ടപ്പെടുന്നു.ഒട്ടു മിക്ക ആഘോഷങ്ങളും,പാശ്ചാത്യം ആയാലും പൗരസ്ത്യം ആയാലും,മതപരം ആയാലും അല്ലെങ്കിലും അത്തരത്തില്‍ ഉള്ള ദിനാചരണങ്ങള്‍ തന്നെ.ക്രിസ്തുവിനെ ഓര്‍ക്കാന്‍ എന്തിനൊരു ക്രിസ്തുമസ്,മാവേലിയെ ഓര്‍ക്കാനും മാവേലിനാടിന്റെ മിത്തിനെ മനസ്സില്‍ താലോലിക്കാനും എന്തിനൊരു ഓണക്കാലം,അധ്യാപകരെ ഓര്‍ക്കാന്‍ എന്തിനൊരു അധ്യാപകദിനം,സ്വാതന്ത്രസമരത്തെ ഓര്‍ക്കാന്‍ എന്തിനൊരു സ്വാതന്ത്ര ദിനം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല എന്നത് പോലെ തന്നെ ഇതിനും ഉത്തരം ഇല്ല.ദിനാചരണങ്ങള്‍ ഒന്നും ആവശ്യം ഇല്ല എന്ന് കരുതുന്നവര്‍ക്കു അങ്ങനെ കരുതാന്‍ ഉള്ള സ്വാതന്ത്രമുണ്ട്.അതല്ലാതെ,അത്തരം ഒരു വാദം സംസ്കാരത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകന്മാര്‍ക്കും സദാചാര പോലീസിംഗ് കാര്‍ക്കും ഉള്ള പരിചയായി മാറുമ്പോള്‍ ആ വാദത്തെയും തള്ളിക്കളയേണ്ടതായി വരും.

പിന്നെ,പാശ്ചാത്യവത്കരണത്തെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ ചര്‍ച്ച പോലും അര്‍ഹിക്കുന്നില്ല.ഇന്ത്യന്‍ സമൂഹം എന്നത് അങ്ങനെ പലതും ചേര്‍ന്ന ഒരു മിശ്രിതമാണ്.അല്ലാതെ,സവര്‍ണ ഹൈന്ദവ പാരമ്പര്യം ആണ് ഇവിടുത്തെ പാരമ്പര്യം എന്ന് ശഠിക്കുകയും നമുക്ക് നമ്മുടെ കാമദേവന്‍ ഉണ്ടല്ലോ,പിന്നെ എന്തിനീ പാശ്ചാത്യ ആഘോഷം എന്നൊക്കെ ചോദിക്കുന്നവരോട് പോയി ചരിത്രം പഠിക്കൂ എന്ന് മാത്രമേ നമുക്ക് പറയാന്‍ പറ്റൂ.ഇന്ത്യന്‍ സമൂഹം എന്നത് അങ്ങനെ ഏതെങ്കിലും ഒരു പൌരാണിക പാരമ്പര്യത്തിന്റെ മാത്രം തുടര്‍ച്ചയല്ല.പല സംസ്കാരങ്ങള്‍ തമ്മില്‍ ലയിച്ചു ചേര്‍ന്ന ഒന്നാണ്.തീര്‍ച്ചയായും പാശ്ചാത്യസംസ്കാരവും അതില്‍ ഉള്‍പ്പെടും.നമ്മുടെ ദൈനംദിന ജീവിതത്തില്‍ പാശ്ചാത്യഅംശങ്ങളെ എല്ലാം ഒഴിവാക്കി കളയാം എന്ന് ഏതെങ്കിലും വിഡ്ഢികള്‍  വിശ്വസിക്കുന്നു എങ്കില്‍ അവര്‍ അത് തെളിയിച്ചു കാണിക്കട്ടെ.ഇത്തരം വീരവാദങ്ങള്‍ മുഴക്കുന്ന ചില വര്‍ഗീയ സംഘടനകളുടെ യൂണിഫോം പോലും തീര്‍ത്തും പാശ്ചാത്യ വസ്ത്രധാരണ രീതികളുടെ കടംകൊള്ളല്‍ ആണ് എന്നതാണ് രസകരമായ വസ്തുത.എന്നിട്ടും അവര്‍ "ഭാരത"ത്തില്‍ കുഴപ്പം ഒന്നും ഇല്ല,"ഇന്ത്യ"യില്‍ ആണ് എല്ലാ കുഴപ്പവും എന്ന് പറഞ്ഞു കളയും.

പിന്നെ ഒന്ന് വിപണി ലാഭം ഉണ്ടാക്കുന്നു എന്നാ വിലാപം ആണ്.ഈ ദിവസം മാത്രം ചിലര്‍ക്ക് മുതലാളിത്ത വിരോധം വല്ലാതെ ഉണ്ടാകുന്നത് അന്വേഷിക്കേണ്ട വിഷയമാണ്.എല്ലാ ആഘോഷങ്ങളും വിപണിക്ക് ലാഭം ഉണ്ടാക്കും.അത്തരത്തില്‍ വിപണിയില്‍ ഉണര്‍വ് ഉണ്ടാകുന്നത് പലര്‍ക്കും വരുമാനമാര്‍ഗം ആയി തീരുകയും ചെയ്യും.ഈ ഒരു ദിനാചരണം ഇല്ലായിരുന്നു എങ്കില്‍ ആ കാശ് മുഴുവന്‍ സമൂഹത്തിനു മൊത്തം ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യത്തിലേക്ക് പോയേനെ എന്ന് തോന്നും ഈ വിലാപങ്ങള്‍ കേട്ടാല്‍.മുതലാളിത്തത്തിന്റെ മോശം വശങ്ങളെ നേരിടേണ്ടത് ബഹിഷ്കരണങ്ങള്‍ വഴിയല്ല.ഇന്ത്യയില്‍ ഈ ദിനം ആഘോഷിച്ചാലും ഇല്ലെങ്കിലും മുതലാളിത്തത്തിന് ഒരു ചുക്കും സംഭവിക്കില്ല.മുതലാളിത്തം തകര്‍ക്കപ്പെടെണ്ടത് അതിനു ഇരയാകുന്നവരുടെ സംഘടിത വര്‌ഗസമരത്തിലൂടെയാണ്.അല്ലാതെ,ഒറ്റപ്പെട്ട ഏതെങ്കിലും ആഘോഷങ്ങള്‍ടെ ബഹിഷ്കരണത്തിലൂടെ അത് തകരാന്‍ പോകുന്നില്ല.



ഇത്രയും പറഞ്ഞത് ഇത് അനിവാര്യമായും ആഘോഷിക്കപ്പെടെണ്ട ഒരു മഹനീയ ആഘോഷം ആണ് എന്നാ അര്‍ത്ഥത്തില്‍ ഒന്നുമല്ല.പക്ഷെ,ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വാതന്ത്രം സംരക്ഷിക്കപ്പെടണം.വിട്ടു നില്‍ക്കേണ്ടാവര്‍ക്ക് അങ്ങനെയാകാം.അതല്ലാതെ,ഒരു അസന്മാര്‍ഗിക പ്രവര്‍ത്തിക്കു എതിരെ ഞങ്ങള്‍ ഇതാ പടപൊരുതുന്നു എന്നാ മട്ടില്‍ ഈ ദിനാചരണത്തിന് എതിരെ വലിയ പ്രചാരണങ്ങള്‍ നടത്തുകയും തെരുവില്‍ ഇറങ്ങി ഗുണ്ടായിസം കാട്ടുകയും ചെയുന്നവര്‍ ഉള്ളിടത്തോളം കാലം,അവര്‍ പ്രതിനിധീകരിക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയം ഉള്ളിടത്തോളം കാലം ഈ ആഘോഷങ്ങളെ ഒരു സമരം എന്നാ നിലക്ക് കൂടി വായിക്കേണ്ടതായി വരും