മൂന്നാമത്തെ വിഭാഗത്തിൽ പെടുന്ന ആളുകൾ ന്യൂനപക്ഷങ്ങൾ പാര്ശ്വവത്കരിക്കപ്പെട്ടു പോകുന്നതിനു പരിഹാരമായി അവർക്ക് വേണ്ടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾക്ക് എതിരല്ല.എന്നാൽ ഭൂരിപക്ഷ വർഗീയതക്ക് പരിഹാരം ന്യൂനപക്ഷ വർഗീയതയാണ് എന്നത് അവർ അംഗീകരിക്കുന്നില്ല.
ഭൂരിപക്ഷ വർഗീയവാദികളും ന്യൂനപക്ഷ വർഗീയവാദികളും തമ്മിൽ അടിസ്ഥാനപരമായ ചില കാര്യങ്ങളിൽ യോജിപ്പുണ്ട്.ഒന്നാമത് ഒരേ മതത്തിൽ പെട്ട എല്ലാവർക്കും ഒരേ രാഷ്ട്രീയ താൽപ്പര്യങ്ങൾ ആണ് എന്ന് അവർ പ്രഖ്യാപിക്കുന്നു,അതിനാൽ ഒരാൾ തന്റെ മതസമുദായത്തിന്റെ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതു എന്നും കരുതുന്നു.ചുരുക്കി പറഞ്ഞാൽ ഇരുവരും മതത്തെ രാഷ്ട്രീയ മത്സരത്തിനു ഉള്ള ഉപാധിയാക്കി മാറ്റാൻ ശ്രമിക്കുന്നു.ഈ മത്സരം ആത്യന്തികമായി ഏതു വിഭാഗത്തെ സഹായിക്കും എന്ന് ചിന്തിക്കേണ്ടതാണ്. ഈ മത്സരം തുല്ല്യർ തമ്മിൽ അല്ല,നിർദോഷകരവും അല്ല.ഭൂരിപക്ഷ വർഗീയവാദികൾ സംഘടിത ന്യൂനപക്ഷശക്തിയെ കാട്ടിയും,ന്യൂനപക്ഷ വർഗീയവാദികൾ സംഘടിത ഭൂരിപക്ഷശക്തിയെ കാട്ടിയും ആളെ കൂട്ടുന്നു.അങ്ങനെ മതവിഭാഗങ്ങൾക്കിടയിൽ അരക്ഷിതബോധം വളർത്തി മുതലെടുക്കുന്നു.സമൂഹത്തെ വർഗീയമായ ധ്രുവീകരണത്തിലേക്ക് നയിക്കുന്നു.സ്വാഭാവികമായും രാഷ്ട്രീയ ഇടത്തെ ഇവർ തമ്മിൽ പങ്കു വെച്ച് എടുക്കാൻ ശ്രമിക്കുന്നു.ഇത് ആത്യന്തികമായി ലാഭം ചെയ്യുക ഭൂരിപക്ഷ വർഗീയതക്ക് തന്നെ.മതേതരം ആകേണ്ട വ്യവസ്ഥിതി ഭൂരിപക്ഷസമുദായ താല്പ്പര്യങ്ങളോട് ചാഞ്ഞു നിൽക്കുന്നതായി മാറുന്നതിനു മതത്തെ രാഷ്ട്രീയ ഇടത്തിലേക്ക് വലിച്ചു ഇഴയ്ക്കാൻ ആവേശം കാട്ടുന്ന എല്ലാവരും ഒരു പോലെ ഉത്തരവാദികൾ ആണ് എന്ന് അർത്ഥം.
കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല.വർഗ്ഗീയ ധ്രുവീകരണം കേരളത്തിൽ അനുദിനം കൂടുതൽ കൂടുതൽ പ്രകടമായി കൊണ്ടിരിക്കുന്നു.അർദ്ധസത്യങ്ങളും നുണകളും പ്രചരിപ്പിച്ചു ഭൂരിപക്ഷ വർഗീയവാദികൾ ഹിന്ദുക്കൾ ആകെ പിന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും ന്യൂനപക്ഷങ്ങൾ വിലപേശി നേടുന്നത് കണ്ടു പഠിക്കൂ എന്നും കേരളത്തിന്റെ തെരുവുകളിൽ മുന്പോന്നും ഇല്ലാത്ത അത്ര ഉച്ചത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.മറുവശത്ത് ഇതേ തന്ത്രം ന്യൂനപക്ഷ വർഗീയവാദികളും പയറ്റുന്നു.സ്കൂൾ സിലബസ്സുകൾ പോലും മതമേധാവികൾ തീരുമാനിക്കുന്ന തരത്തിലേക്ക് കേരളം അധപതിച്ചിരിക്കുന്നു.ഏറ്റവും നീചമായ രീതിയിൽ കൃത്രിമത്വം കാണിച്ചു ഒരു പ്രത്യേക സമുദായത്തിനു ഇടയിൽ അരക്ഷിത ബോധം വളർത്താൻ ഉള്ള ശ്രമങ്ങൾ ചില മതമൗലികവാദികളാൽ നടത്തപ്പെടുന്ന മാധ്യമ സ്ഥാപനങ്ങൾ നടത്തുന്നതും നാം കണ്ടു.
ഇതൊക്കെ നടക്കുമ്പോഴും,രാഷ്ട്രീയത്തെ മതേതരം ആക്കി തീർക്കാൻ ഉള്ള പോരാട്ടത്തിനു അനുദിനം പ്രസക്തി വർദ്ധിച്ചു വരുമ്പോഴും,ചിലർക്ക് ഇപ്പോഴും മതേതര സങ്കല്പങ്ങൾ കേൾക്കുമ്പോഴേക്കും ഞെട്ടലാണ്.വർഗീയ അജണ്ടകൾ ഒന്നും ഇല്ലാത്ത ചിലരെ കുറിച്ചാണ് പറയുന്നത്.പക്ഷെ,മതം പൊതു ഇടങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്നതും ആധിപത്യം ഉറപ്പിക്കുന്നതും ഒന്നും വലിയ പ്രശ്നം ഒന്നും അല്ല,അതിന്റെ ദോഷവശങ്ങൾ എല്ലാം മതത്തിനു അകത്തു നിന്ന് തന്നെ താനേ നവീകരിക്കപ്പെട്ടു കൊള്ളും എന്നാണു ഇവർ പറയുന്നത്.അങ്ങനെ എല്ലാ മതങ്ങളും ശുധീകരിക്കപ്പെട്ടു,അവയെല്ലാം ചേർന്ന് സമൂഹത്തെയാകെ ശുദ്ധീകരിച്ചു രക്ഷിക്കുന്ന ആ നല്ല കാലത്തെയും സ്വപ്നം കണ്ടു കഴിയാൻ ആണ് ഉട്ടോപ്പിയൻ സ്വപ്നങ്ങളുടെ മേടകളിൽ അഭയം കണ്ടെത്തുകയും അങ്ങനെ യാഥാർത്യങ്ങൾ ആവശ്യപ്പെടുന്ന രൂക്ഷമായ പോരാട്ടങ്ങളെ തള്ളി പറയുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ആഹ്വാനം.
ഈ പശ്ചാത്തലത്തിൽ ആണ് ഡി.വൈ.എഫ്.ഐ. ഈയിടെ നടത്തിയ ക്യാമ്പയിൻ ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്ന് പറയേണ്ടി വരുന്നത്.ജാതി-മത ശക്തികളുടെ ഒരു കോണ്‍ഫെടെരേഷൻ ആയി മാറിക്കഴിഞ്ഞ ഭരണമുന്നണി ഒരു വശത്തും ജാതി-മത ശക്തികളെ ആകെ തള്ളി പറഞ്ഞു കൊണ്ട് ഇടതു പക്ഷം മറുവശത്തും നില്ക്കുന്ന ഒരു ചിത്രം സമൂഹത്തിനു മുന്നില് കാട്ടാൻ പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ ആ ഉദ്യമം മൂലം സാധ്യമായി."വിശ്വരൂപം" വിവാദത്തിൽ സി.പി.ഐ.(എം)ഉം ഡി.വൈ.എഫ്.ഐ ഉം എടുത്ത നിലപാടും അഭിനന്ദനാർഹമായിരുന്നു.തങ്ങൾക്കു അനുകൂലമല്ലാത്ത നിലപാട് എടുത്താൽ ഉടനെ കമ്മ്യുണിസ്റ്റ്കാർ മൃദുഹിന്ദുത്വവാദികൾ ആണ് എന്ന് പ്രചരിപ്പിക്കുന്ന പതിവ് തന്ത്രം അപ്പോഴും ചിലര് എടുത്തു പ്രചരിപ്പിച്ചു.മതത്തിന്റെയും സമുദായത്തിന്റെയും പേര് പറഞ്ഞു നടത്തുന്ന കൊള്ളരുതായ്മകളെ,വിവേചനരഹിതമായി തെരുവില്‍ സ്ഫോടനങ്ങള്‍ സൃഷ്ടിച്ചും കലാപങ്ങള്‍ ഉണ്ടാക്കി വംശഹത്യ നടത്തിയും മുന്നേറുന്ന മതഭ്രാന്തിനെ,മതത്തിന്റെ പേരില്‍ ഉള്ള ഹീനവും മനുഷ്യത്വരഹിതവും ആയ ആചാരങ്ങളെ എല്ലാം കലാകാരന്മാര്‍ക്ക് തുറന്നു കാട്ടേണ്ടി വരും.അതിനെ ഉടനെ മതത്തെയും സമുദായത്തെയും അവഹേളിക്കല്‍ ആയി പരാതിപ്പെട്ടു കലാകാരനോട് അങ്കം വെട്ടാന്‍ ഇറങ്ങുന്നത് പ്രതിഷേധിക്കാന്‍ ഉള്ള അവകാശത്തിന്റെ പേര് പറഞ്ഞു ന്യായീകരിക്കാന്‍ പറ്റില്ല.മറിച്ച്,അത് ആവിഷ്കാര സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റവും തങ്ങള്‍ക്കു ഇഷ്ടമില്ലാത്തത് പറയുന്നവരെ മതവികാരത്തിന്റെ പേര് പറഞ്ഞു നിശബ്ദമാക്കുന്ന തന്ത്രവുമാണ്.ഇന്ത്യയില്‍ സംഘപരിവാറും ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുകയും അവര്‍ക്ക് എതിരെ ലിബറല്‍ പക്ഷത്തു നിന്നും ഇടതുപക്ഷത് നിന്നും പ്രതിഷേധം ഉയരുകയും ചെയ്തിട്ടുള്ളതിനാല്‍ "അപരവിഭാഗങ്ങള്‍ക്ക്" നേരെ നടത്തുന്ന വിവേചനം ആയി മതമൗലികവാദത്തോട് ഉള്ള ഇടതു-ലിബറല്‍ എതിര്‍പ്പിനെ ചിത്രീകരിക്കുന്നതതിനു ചിലർ നടത്തിയ ശ്രമങ്ങൾ ബാലിശമാണ്.സാമ്രാജ്യത്വവും നവഹിന്ദുത്വവും മാത്രമല്ല ഇസ്ലാമിക മതമൗലികവാദവും പുരോഗമനപക്ഷത്തിനു എതിര്‍ക്കാതിരിക്കാന്‍ കഴിയാത്ത ഒന്നാണ്.
ഇടത്പക്ഷക്കാർ എന്ന് അവകാശപ്പെടുന്ന ചിലര് തന്നെ ചില മതമൗലികവാദ സംഘടനകൾ പടച്ചു വിടുന്ന അബദ്ധ സിദ്ധാന്തങ്ങളുടെ പ്രചാരകർ ആയി മാറുകയും അവർ ഒരുക്കി കൊടുക്കുന്ന ഒരു കോളം ഇടത്തിനും കുറച്ചു അച്ചടി മഷിക്കും വേണ്ടി അവരുടെ വാദങ്ങളുടെ ഏറ്റുപറച്ചിലുകാർ ആയി മാറുകയും ചെയ്യുന്ന അവസ്ഥയുണ്ട്.ഇല്ലാത്ത അരക്ഷിതാവസ്ഥ തങ്ങളുടെ സൈദ്ധാന്തിക പ്രാവീണ്യം കൊണ്ട് ഉണ്ടാക്കിയെടുത്ത് വർഗീയതക്ക് നിലം ഒരുക്കി കൊടുക്കുന്ന ആ പരിപാടി ചെയ്യാൻ എന്തായാലും പക്വതയുള്ള നേതൃത്വമുള്ള സി.പി.ഐ(എം) തയ്യാറാകുന്നില്ല എന്നത് മതേതര വിശ്വാസികൾക്ക് ആഹ്ലാദം നൽകുന്നതാണ്.
യഥാർത്ഥ മതേതരവാദികൾ മതത്തിന്റെ പേരിൽ ആരെങ്കിലും പീഡിപ്പിക്കപ്പെടുമ്പോൾ നിസംഗത പുലർത്തുന്നില്ല.ആ പീഡനത്തെ കാണുകയും അതിനു എതിരെ പോരാടുകയും ചെയ്യാൻ അവർ തയ്യാറുമാണ്.പക്ഷേ,അതിന്റെ മറവിൽ മറ്റൊരു വർഗീയതയെ ഒളിച്ചു കടത്താൻ നോക്കുന്നവരുമായി കൈകോർത്തു പിടിക്കാൻ,അവർ ഒരുക്കി തരുന്ന വേദികളുടെ ആകർഷണീതയിൽ മയങ്ങി ആശയത്തിൽ വെള്ളം ചേർക്കാൻ,അവർ തയ്യാർ അല്ല എന്ന് മാത്രം.ഒരു വിഭാഗത്തിന്റെ തെറ്റുകളെ നിസ്സാരവത്കരിച്ച് കാട്ടുകയും മറുവിഭാഗത്തിന്റെ ചെയ്തികളെ പെരുപ്പിച്ചു കാട്ടുകയും ചെയ്തു മതേതര പ്രതിഛായയെ ആരുടെയെങ്കിലും കാൽക്കൽ കൊണ്ട് പോയി കാഴ്ച വെച്ച് പ്രതിഫലം പറ്റാനും അവർ തയ്യാർ അല്ല.വർഗീയതയിൽ "എലി വർഗീയത"യും "പുലി വർഗീയത"യും ഇല്ല.എല്ലാ വർഗീയതകളും പരസ്പരം പോഷിപ്പിച്ചു നാടിനെ നാശത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്.വർഗീയതയുടെ ചിഹ്നങ്ങൾക്ക്,അവ അടിച്ചേൽപ്പിക്കാൻ ഉള്ള ശ്രമങ്ങൾക്ക് സാഹിത്യഭാഷയിൽ വാചകമടിച്ചു പുകമറ സൃഷ്ടിച്ചു കൊടുത്തു സംരക്ഷിക്കാൻ യഥാർത്ഥ മതേതരവാദികൾക്ക് കഴിയില്ല.
വലിയൊരു ആപത്തായി മുന്നിൽ വന്നു നിൽക്കുന്ന ഈ അപകടത്തെ അതിജീവിക്കാൻ ഉള്ള ഏക വഴി യതാർത്ഥ മതേതര മൂല്യങ്ങളെ ഉയർത്തി പിടിക്കലും,സന്ധിയില്ലാത്ത സമരവുമാണ്...ഇവിടെ സന്ധി ചെയുന്നവർ എല്ലാം ചരിത്രത്താൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും...
No comments:
Post a Comment