എച്ച്.സി.യു വിലെ എസ്.എഫ്.ഐ,ആരോപണങ്ങളും യാഥാർത്യവും...
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം അനുദിനം കച്ചവടവത്കരണത്തിനു വിധേയമാക്കപെട്ടു കൊണ്ടിരിക്കുന്ന സമകാലീന അവസ്ഥയിൽ ക്യാംപസ്സുകളിൽ നിന്നും എവ്വിധമുള്ള ശബ്ദങ്ങൾ ആണ് ഉയരുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.കൂടുതൽ കാശ് നല്കി കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുക എന്ന് നവ ലിബറൽ യുക്തി ക്യാമ്പസ്സുകളെ കൊണ്ട് ഏറ്റു പാടിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണത്തിന് എതിര് നില്ക്കുന്ന എല്ലാ മൂലധന ശക്തികളുടെയും ആവശ്യമാണ്.കോടതികൾ പോലും ഈ യുക്തിയെ ഏറ്റു പാടുന്നത് നാം എത്രയോ തവണ കണ്ടു.ഒപ്പം ഇതിനെതിരെ തെരുവിൽ പ്രതിഷേധം ഉയർത്തിയവർക്കു എതിരെ ഭരണ കൂടം അതിന്റെ ഏറ്റവും ക്രൂര മുഖം പുറത്തെടുക്കുന്നതും നാം എത്ര കണ്ടു... എത്ര തവണ നമ്മുടെ പത്ര മാധ്യമങ്ങളിൽ തല തല്ലി തകർക്കപ്പെട്ടു ചൊരയൊലിച്ചു നില്ക്കുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ നിറഞ്ഞു ....ഒരിക്കലും മറവിക്ക് വിട്ടു കൊടുക്കാതെ നെഞ്ഞിനകത്ത് സൂക്ഷിക്കേണ്ട ഓര്മ്മകളാണ് ഇതെല്ലാം...

ഈ ഓർമ്മകളോട് ളോട് പോലും യുദ്ധം ചെയ്യാതെ ക്യാംപസ്സുകളിൽ തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ല എന്ന് മൂലധന ശക്തികൾക്കു നന്നായി അറിയാം.ഈ അജണ്ടകളെ ചെറുക്കാൻ വിദ്യാർഥികളെ അണിനിരത്തി സമരങ്ങൾ സംഘടിപ്പിക്കുന്നതും നവലിബറൽ യുക്തിയെ വിദ്യാർഥികളിൽ അവകാശബോധം സൃഷ്ടിച്ചു കൊണ്ട് നേരിടുന്നതും ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ആയതു കൊണ്ട് ഇടതു സംഘടനകളെ ലക്‌ഷ്യം വെയ്ക്കുക എന്നത് നവലിബറൽ അജണ്ടകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്.ഈ പശ്ചാത്തലത്തിൽ ആണ് എസ്.എഫ്.ഐ.ക്ക് എല്ക്കുന്ന ഓരോ ചെറിയ ആഘാതവും വലതു പക്ഷക്കാർ എല്ലാം ചേർന്ന് ആഘോഷമാക്കുന്നതും എസ്.എഫ്.ഐ. കൈവരിക്കുന്ന നേട്ടങ്ങളെ മറച്ചു വെയ്ക്കുകയും ചെയ്യുന്ന അവസ്ഥയെ കാണേണ്ടത്.
ഇക്കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സി.പി.ഐ(എം) പ്രണബ് മുഖർജീയെ പിന്തുണച്ചതിൽ പ്രതിഷേധിച്ചു ജെ.എൻ.യു വിലെ എസ്.എഫ്.ഐ യിൽ ഉൾസംഘടന കലാപങ്ങൾ ഉണ്ടായതും ഒരു വിഭാഗം സംഘടനയിൽ നിന്നും വിട്ടു പോയതും അതിനെ തുടർന്നു സംഘടനക്കു ഏറ്റ തിരിച്ചടിയും മലയാള മാധ്യമങ്ങളിൽ വലിയ ആഘോഷമായി മാറുകയുണ്ടായി.പ്രബുദ്ധ ഇന്ത്യൻ യുവത്വം ആകെ എസ്.എഫ്.ഐ.യെ കയ്യൊഴിഞ്ഞു എന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടി വിദ്യാർഥികൾ രാജ്യത്തിന്റെ പല ഭാഗത്തായി കൊടുത്തു കൊണ്ടിരിക്കുകയാണ്.അതിൽ ഒന്നാണ് ഹൈദരാബാദ് കേന്ദ്ര സർവ്വകാലാശാലയിൽ ഇത്തവണ എസ്.എഫ്.ഐ ഒറ്റയ്ക്ക് നേടിയ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയം(.
http://pd.cpim.org/2012/1104_pd/11042012_7.html)
ഇവിടെ എസ്.എഫ്.ഐ നേടിയ വിജയവും വിദ്യാർഥികൾക്ക് വേണ്ടി പൊരുതി നേടിയ അവകാശങ്ങളും ഒന്നും വാർത്തയല്ല എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടുത്തെ എസ്.എഫ്.ഐ യൂണിററ് ചില പ്രത്യേക മാധ്യമങ്ങളിലും മലയാളം വെബ്സൈറ്റുകളിലും എല്ലാം ചർച്ചയാകുന്നുണ്ട്.ഇത് കേവലം യാദൃശ്ചികമല്ല.എസ്.എഫ്.ഐ യ്ക്ക് അഭിമാനിക്ക തക്ക വണ്ണം ഇവിടുത്തെ യൂണിറ്റും അതിന്റെ നേതൃത്വത്തിൽ ഉള്ള യൂണിയനും വിദ്യാർഥികളുടെ ഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നത്,ഒരു ജെ.എൻ.യു വിനെ കാട്ടി എസ്.എഫ്.ഐ കേന്ദ്ര സർവ്വകലാശാലകളിൽ മണ്ണടിഞ്ഞു പോയി എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ ഭീതിയിലാഴ്ത്തുന്നുണ്ട്.അത്തരക്കാർ തങ്ങളുടെ അസ്വസ്ഥതകൾ തീർക്കാൻ എച്ച്.സി.യു വിലെ എസ്.ഐ.ഓ-എ.ബി.വി.പി രഹസ്യ സഖ്യത്തെയും ഇടതു വിരോധത്തിനു അപ്പുറം പ്രത്യേകിച്ചു രാഷ്ട്രീയം ഒന്നും മുന്നോട്ടു വെയ്ക്കാൻ ഇല്ലാത്ത ചില ബൂർഷ്വാ ആക്ടിവിസ്റ്റ്കളെയും കൂട്ട് പിടിച്ചു നടത്തുന്ന പ്രചാരണമാണ് ഇപ്പോൾ അരങ്ങു തകർക്കുന്നത്.ഇവരുടെ ആരോപണങ്ങൾ മറുപടി പോലും അർഹിക്കാത്തതാണ് എന്ന് എച്ച്.സി.യു രാഷ്ട്രീയത്തെ നിരീക്ഷിക്കാൻ തയ്യാറുള്ള ആർക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ.
ഇതിൽ ജമാത്തെ ഇസ്ലാമിയുടെ വിദ്യാർഥി വിഭാഗമായ എസ്.ഐ.ഓ തങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള ചില മാധ്യമങ്ങൾ പ്രചാരണങ്ങൾ തീര്ത്തും രസകരമാണ്.എസ്ഐഓ അങ്ങനെയാണ്.വളരെ വൈകിയേ ബോധം ഉദിക്കൂ.വൈകിയാണ് എങ്കിലും ബോധം
ഉദിക്കുന്നത് നല്ല കാര്യം തന്നെ.പക്ഷെ,തങ്ങൾക്കു വൈകി തോന്നുന്ന ചിന്തകളെ
കൊട്ടിഘോഷിക്കുമ്പോൾ മറ്റാർക്കും ഇതിനു മുൻപ് ഇങ്ങനെയൊന്നും
തോന്നിയിട്ടില്ല എന്ന് വാദിക്കുന്നത് എന്തിനാണ്?ക്യാമ്പസ് ആത്മഹത്യകളെ
കുറിച്ച് ചില മതമൌലികവാദികൾ നടത്തുന്ന നിരീക്ഷണങ്ങൾ വായിക്കാൻ
ഇടയായി.അപ്പോഴാണ് മേൽപ്പറഞ്ഞ രീതിയിൽ ചിന്തിച്ചു പോയത്. ആത്മഹത്യകൾ കേവലം
വ്യക്തിപരം ആയ പ്രശ്നം അല്ല എന്നത് ചിലര്ക്ക് ബോധ്യമായത് ഈ അടുത്ത കാലത്ത്
ആണത്രേ!തങ്ങൾ അത് മനസ്സിലാക്കി പോസ്റ്റർ ഒട്ടിക്കാൻ തുടങ്ങിയ
ശുഭമുഹൂർത്തത്തെ അടയാളമായി വെച്ച് ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ
ചരിത്രത്തെ പഴയതും പുതിയതും എന്ന് വേർതിരിക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണ്
ചിലർ.1936 ആഗസ്ത് 12 നു ഇന്ത്യയിൽ സംഘടിത വിദ്യാർഥി പ്രസ്ഥാനം രൂപം
കൊണ്ടത് മുതൽ നേരത്തെ പറഞ്ഞവർക്ക് വെളിപാട് ഉണ്ടായ നിമിഷം വരെയുള്ളത്
പഴയ കാലത്തിൽ പെടും. ആ നിമിഷം മുതൽ പുതിയ കാലം തുടങ്ങി കഴിഞ്ഞു!!!
ആത്മഹത്യയെ
സാമൂഹിക സാഹചര്യങ്ങളിലൂടെ കാണാൻ എസ്.എഫ്.ഐ യെ ആരും പഠിപ്പിക്കേണ്ട കാര്യം
ഇല്ല.വിദ്യാഭ്യാസത്തെ കച്ചവട ചരക്കാക്കുന്ന വിദ്യാഭ്യാസ നയത്തിന്റെ ഇരയായി
2 0 0 4 ജൂലായ് 2 2 നു ഒരു പട്ടിക ജാതിക്കാരി വിദ്യാർഥിനി ജീവൻ
ഒടുക്കിയത് കേരളം ഇന്നും മറന്നിട്ടുണ്ടാകില്ല.അന്ന് ആ സഹോദരിക്ക് വേണ്ടി
തെരുവുകളിൽ പ്രതിഷേധാഗ്നി ആളിക്കത്തിക്കാനും ഭരണ കൂടത്തിന്റെ ഏറ്റവും
കിരാതമായ ആക്രമണങ്ങളെ പോലും ഏറ്റു വാങ്ങാനും എസ്സ്.എഫ്.ഐ ക്കാർക്ക്
ആത്മഹത്യ സാമൂഹിക വിഷയമാണ് എന്നതിനെ സംബന്ധിച്ചു ആരുടെയും സ്റ്റഡി ക്ലാസ്സോ
ആത്മഹത്യയിലെ പാപം സംബന്ധിച്ചുള്ള പുനരാലോചനകളോ വേണ്ടി വന്നിട്ടില്ല.(
http://www.youtube.com/watch?v=E_2iNrsqO2I).
അന്ന് ആ ദളിത് വിദ്യാർഥി ക്ക് വേണ്ടി പൊരുതാൻ ദളിത് സ്നേഹം പറയുന്ന
എസ്.ഐ.ഓ എന്ത് ചെയ്തു?ഭരണകൂടത്തിന്റെ ക്രൗര്യം അതിന്റെ ഏറ്റവും പൈശാചിക
ഭാവത്തോടെ പ്രകടമാക്കപ്പെട്ട അക്കാലത്ത്,കേരളത്തെ നോക്കി ഒരു അച്ഛനും
അമ്മയും നെഞ്ച് പൊട്ടി കരഞ്ഞ അക്കാലത്ത് എസ്.ഐ.ഓ ക്കാരാൻ ഏതു മാളത്തിൽ
ഒളിച്ചിരിക്കുകയായിരുന്നു?മേനി നോവില്ലെന്നു ഉറപ്പുള്ളപ്പോൾ മാത്രം പുറത്ത്
വരുന്ന വിപ്ലവം എന്ന് പറഞ്ഞാൽ തെറ്റുണ്ടോ?
2 0 0 8 മാർച്ചു 2 5 നു
കൊല്ലത്ത് സുമി സുരേന്ദ്രൻ എന്ന വിദ്യാർഥിനി കോളേജ് അധികൃതരുടെ മാനസിക
പീഡനം മൂലം ആത്മഹത്യ ചെയ്തപ്പോഴും ഒരു തമ്പുരാക്കന്മാരുടെയും മുന്നില്
കുനിയാത്ത നട്ടെല്ലുമായി ചോദ്യം ചെയ്യാനും പൊരുതാനും ഉണ്ടായിരുന്നത്
എസ്.എഫ്.ഐ ആണ്.
ഒസ്മാനിയ സർവകലാശാല വിമൻസ് ഹോസ്ടലിൽ വിദ്യാർഥിനി
ആത്മഹത്യ ചെയ്തതിനെ തുടർന്നു ഹൈദരാബാദിനെ 2 0 0 8 ആഗസ്തിൽ പ്രക്ഷോഭ
മുഖരിതമാക്കാൻ മുന്നിട്ടിറങ്ങിയതും എസ്.എഫ്.ഐ തന്നെ. അങ്ങനെ വിദ്യാർഥി
പീഡനങ്ങൾക്ക് എതിരെ വിട്ടു വീഴ്ച്ച ഇല്ലാതെ പോരാടിയതിന്റെ എത്രയെത്ര
ഉദാഹരണങ്ങൾ...
എസ്.എഫ്.ഐ നയത്തിൽ ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല.എച്ച്.സി.യു വിൽ ഇതിനു മുൻപും പല ആത്മഹത്യകളും സംഭവിച്ചിട്ടുണ്ട്.അതിൽ ജാതിയിൽ 'താഴ്ന്ന' വിഭാഗങ്ങളിൽ പെട്ടവരും 'ഉയർന്ന' വിഭാഗങ്ങളിൽ പെട്ടവരും എല്ലാം ഉൾപ്പെടും.ഓരോ വിഷയവും പരിശോധിച്ചു എസ്.എഫ്.ഐ വേണ്ട വിധത്തിൽ ഉള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
ജമാത്തെ ഇസ്ലാമി നടത്തുന്ന വാരികയായ "മാധ്യമം" സ്ഥിരമായി വായിക്കുകയും അതേ സമയം കേന്ദ്ര സർവ്വകലാശാലകളിൽ ജമാഅത്ത് ബുദ്ധിജീവികൾ നടത്തുന്ന വർഗ്ഗീയ പ്രചരണങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്നവർക്ക് രസകരമായ പല വൈരുദ്ധ്യങ്ങളും കാണാൻ പറ്റും.എസ്.എഫ്.ഐ യുടെ മുന്നേറ്റം ഉണ്ടാക്കുന്ന അസ്വസ്ഥത മാറ്റാൻ വേണ്ടി "മാധ്യമ'' ത്തിൽ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു."കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ മാധ്യമങ്ങള്‍ നിര്‍മിച്ച ജെ.എന്‍.യു
കേന്ദ്രീകൃത ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയമാണ് ഇന്ത്യന്‍ വിദ്യാര്‍ഥി
രാഷ്ട്രീയം. ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ- ഐസ കളിക്കുന്ന ബംഗാളി മേല്‍ജാതി
പിള്ളേര്‍ നേതൃത്വം നല്‍കുന്ന ‘ജാതിരഹിത മതരഹിത’ (മതേതരം എന്നും പറയാം )
ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയമാണ് ‘ഏറ്റവും മുന്തിയ’ രാഷ്ട്രീയം".'ജെ.എൻ.യു കേന്ദ്രീകൃത ഇടതുപക്ഷ രാഷ്ട്രീയം, ജനങ്ങളെ ആകെ ആവേശം കൊള്ളിക്കുന്നതും അവർക്ക് പ്രതീക്ഷ നല്കുന്നതും ആണ് എന്നാ തിരിച്ചറിവിന്റെ പുറത്ത് ആ രാഷ്ട്രീയത്തെ ഗൃഹാതുരത്വം കൂട്ടി വിറ്റു കാശാക്കിയതിൽ ഒന്നാമന്മാർ ഇതേ "മാധ്യമം" ആഴ്ച്ചപ്പതിപ്പ് തന്നെ.ഷാജഹാൻ മാടമ്പാട്ടിന്റെ "ജെ.എൻ.യു. വിലെ ചുവർച്ചിത്രങ്ങൾ" വിറ്റു കാശാക്കുന്ന കാലത്ത് "മാധ്യമ"ത്തിനു ജെ.എന്‍.യു
കേന്ദ്രീകൃത ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയം ജാതിരഹിത,മതേതര മൂല്യങ്ങളെ മുന്നോട്ടു വെയ്ക്കുന്നത് ഒരു ന്യൂനതയായി തോന്നിയിരുന്നില്ല.(മറ്റൊരു ഉദാഹരണം പറയാം.മേൽപ്പറഞ്ഞ ജമാഅത്ത് ബുദ്ധിജീവികൾക്ക് ഈ.എം.എസ് എന്ന് കേട്ടാൽ ഉടനെ രക്തം തിളയ്ക്കും.സവർണ്ണൻ,മൃദു ഹിന്ദുത്വം,വേദ പണ്ഡിതൻ,പഴനിയിൽ പോയവൻ എന്നിങ്ങനെയൊക്കെ തട്ടി വിടും.ചുരുക്കി പറഞ്ഞാൽ കേരളത്തിന്റെ മൊത്തം പ്രശ്നങ്ങൾക്കും കാരണം ഇ.എം.എസ് ആണ് എന്ന് സിദ്ധാന്തിച്ചു കളയും.എന്നാൽ രണ്ടാഴ്ച്ച മുൻപുള്ള "മാധ്യമം" എടുത്തു നോക്കിയാൽ കാണാം അതിൽ ഈ.എം.എസ് സ്മരണയെ വിറ്റു കാശാക്കുന്നത്.അതിനു 'മാധ്യമ"ത്തെ പ്രേരിപ്പിക്കുന്നത് 'സവർണ്ണ സ്നേഹ'മാണോ,'മൃദു ഹിന്ദുത്വ ബോധ'മാണോ എന്നും മറ്റും ജമാഅത്ത് ബുദ്ധിജീവികൾക്ക് പരിശോധിക്കാവുന്നതാണ്.)

കൃത്യമായും കമ്മ്യൂണിസ്റ്റ് വിരുദ്ധത പുലർത്തുന്ന ജമാത്തെ ഇസ്ലാമി വാരികയ്ക്ക് പോലും അവഗണിക്കാൻ കഴിയാത്ത,തുറന്നാക്ഷേപിക്കാൻ കഴിയാത്ത പ്രബുദ്ധ പുരോഗമന രാഷ്ട്രീയമാണ് ഇവർ ആക്ഷേപിക്കാൻ നോക്കുന്ന ജാതിരഹിത,മതേതര "ജെ.എന്‍.യു
കേന്ദ്രീകൃത ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയം" എന്ന് അർത്ഥം.അതിനുള്ള ജനസമ്മതി വെറുതേ ഉണ്ടായതല്ല.വിട്ടു വീഴ്ച്ചയില്ലാത്ത പോരാട്ടങ്ങളുടെ ഫലമായി ഉണ്ടായതാണ്.അത് ചില മതമൌലികവാദികളും അവർക്ക് വേണ്ടി പേനയുന്തുന്ന ഉത്തരാധുനിക മുഖമൂടിയുള്ള ബൂർഷ്വാ ആക്റ്റിവിസ്റ്റ്കളും വിചാരിച്ചാൽ ഇല്ലാതാക്കാൻ കഴിയുന്നതല്ല.
ഇത്തരക്കാർ ക്യാംപസ്സുകളിൽ ഏറ്റവും പിന്തിരിപ്പൻ നിലപാടുകളെ എങ്ങനെയാണ് പ്രചരിപ്പിക്കാൻ നോക്കുന്നത് എന്നതിന് തെളിവാണ് പാകിസ്ഥാനിൽ താലിബാൻ തീവ്രവാദികളോട് പോരാടിയ ധീരയായ പെണ്‍കുട്ടി മലാലയെ കുറിച്ചു ഇവർ എടുക്കുന്ന നിലപാട്.ഇരയായ മലാലക്ക് കുറ്റവാളിയുടെ പരിവേഷം ചാർത്തി കൊടുക്കാനും അവരെ ആക്രമിച്ച താലിബാൻകാർക്ക് വീര പരിവേഷം നല്കാനുമാണ് എസ്.ഐ.ഓ ക്കാർ ക്യാംപസ്സുകളിൽ ശ്രമിക്കുന്നത്.ഇക്കൂട്ടർക്ക് അടിസ്ഥാനപരമായി ഉള്ള സ്ത്രീവിരുദ്ധത ഏറ്റവും നന്നായി പുറത്ത് ചാടുന്നത് ഇത് പോലുള്ള വിഷയങ്ങളിൽ ആണ്.പുറമേക്ക് വലിയ പുരോഗമാനകാരികൾ എന്ന് നടിക്കുമ്പോഴും പഴകി ദ്രവിച്ച സങ്കല്പ്പങ്ങളെ സംഘടനാ ക്ലാസ്സുകളിൽ നിന്നും പഠിക്കുകയും അത് പ്രചരിപ്പിച്ചു വിദ്യാർഥി സമൂഹത്തെ പിന്നോട്ട് നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവർ ആണിവർ.

മലാല ആക്രമിക്കപ്പെട്ട സംഭവത്തെ പാകിസ്ഥാനിലെ മൊത്തം രാഷ്ട്രീയ പരിസരത്തെ കൂടി മനസ്സിലാക്കി വേണം വിലയിരുത്താൻ.ഏറിയോ കുറഞ്ഞോ ഒരു ബൂർഷ്വാ ലിബറൽ ജനാധിപത്യ പാരമ്പര്യം പാകിസ്ഥാനിൽ ഇപ്പോഴുമുണ്ട്.ഇസ്ലാം ഔദ്യോഗിക മതം ആയ പാകിസ്ഥാനിൽ മറ്റു മതങ്ങളോട് സഹിഷ്ണുത പുലർത്തുകയും ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി നില കൊള്ളുകയും ഒക്കെ ചെയ്യുന്ന ലിബറൽ/ഇടതു പക്ഷ രാഷ്ട്രീയത്തെ സായുധമായി പോലും കടന്നാക്രമിക്കുന്ന തീവ്ര മതമൗലികവാദികളുടെ ഭീകര രാഷ്ട്രീയവും വളർന്നു വരുന്നുണ്ട്.ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി നില കൊണ്ടതിന്റെ പേരിൽ ഷഹബാസ് ഭട്ടിയും സൽമാൻ തസ്സീരും രക്തസാക്ഷികൾ ആയതു ഓർക്കാവുന്നതാണ്.തീവ്ര മതമൌലികവാദികളുടെ ഭീകര ഭരണം ഔദ്യോഗിക പാകിസ്താൻ ഭരണകൂടത്തെ വെല്ലുവിളിച്ചു കൊണ്ട് നിലനിൽക്കുന്നതാണ് പാകിസ്ഥാനിലെ സ്വാത് താഴ്വരയിൽ കാണുന്നത്.അവിടുത്തെ സമാന്തര ഭരണകൂടം നടപ്പിലാക്കിയ ക്രൂരമായ മനുഷ്യാവകാശ ലംഘനം ആയിരുന്നു സ്കൂളിൽ പോകാനുള്ള അവകാശത്തിനു വേണ്ടി നിലകൊണ്ടതിനു മലാല ക്ക് എതിരെ നടത്തിയ ആക്രമണം.മത രാജ്യത്തിന്റെ വക്താക്കൾ ആയ എസ്.ഐ.ഓ ക്കാർ ഈ തീവ്ര മതമൗലികവാദികളിൽ തങ്ങളുടെ സ്വാഭാവിക മിത്രങ്ങളെ കണ്ടെത്തുന്നു.അതിനാൽ പഠിക്കാനായി പട പൊരുതിയ പെണ്‍കുട്ടിക്ക് വില്ലൻ പരിവേഷം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്.ഇത് കേവലം അമേരിക്കയും താലിബാനും തമ്മിലുള്ള വിഷയമല്ല,മറിച്ചു മതരാഷ്ട്രവാദത്തിന്റെ മറവിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്താൻ ശ്രമിക്കുന്ന മത തീവ്രവാദികളോട് പാകിസ്ഥാനി ജനത നടത്തുന്ന ചെറുത്തു നിൽപ്പിന്റെ പ്രതീകമാണ് മലാല എന്നാണു പുരോഗമന പ്രസ്ഥാനങ്ങളുടെ നിലപാട്.
മതമൗലികവാദത്തിനു വേണ്ടി മനുഷ്യത്വം മറക്കുന്ന എസ്.ഐ.ഓ പോലുള്ള സംഘടനകളുടെ ഭാവി എന്തായിരിക്കും എന്ന് അറിയാൻ നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് നോക്കിയാൽ മതി. 1971-ഇല്‍ പാകിസ്താന്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്ക്
ചൂട്ടുപിടിക്കുകയാണ് അക്കാലത്ത് ജമാഅത്തെ ഇസ്ലാമിയും ചാത്ര് ശിബിരും ചെയ്തത്.നിരായുധരായ ജനങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ നടത്താന്‍
ബംഗ്ലാദേശി ദേശീയത അല്ല പാകിസ്ഥാനെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന മതവികാരം
മാത്രമാണ് പ്രധാനം എന്ന് കരുതിയ മതരാഷ്ട്രവാദികള്‍ക്ക് മടിയുണ്ടായില്ല.ആ
അതിക്രമങ്ങളെ എല്ലാം അതിജീവിച്ചു കൊണ്ട് ബംഗ്ലാദേശി ജനത പാകിസ്ഥാനില്‍
നിന്നും സ്വാതന്ത്രം പൊരുതി നേടി.ഇന്ന്,ദശാബ്ദങ്ങള്‍ക്ക് ശേഷം ആണെങ്കിലും
ബംഗ്ലാദേശി ജനത മതമൗലികവാദികളോടു കണക്കു തീര്‍ക്കുകയാണ്.വർഗ്ഗീയ വികാരങ്ങൾക്കും മതഭ്രാന്തിനും മേൽ മാനുഷിക മൂല്യങ്ങൾ അന്തിമ വിജയം നേടും എന്നാ സന്ദേശമാണ് ശാഹ്ബാഗ് ചത്വരം ലോകത്തിനു നല്കുന്നത്.ഇതെല്ലാം കേരളത്തിലെ ക്യാംപസ്സുകൾക്ക് ആവേശം നൽകേണ്ടതാണ്.
ക്യാംപസ്സുകളിൽ വിദ്യാർഥികൾക്ക് ജാതി-മത ഭേദമന്യേ ഒന്നിച്ചു ചേരാൻ സംഘടനകൾ ആവശ്യമില്ല എന്നും എല്ലാവരും സമുദായ അടിസ്ഥാനത്തിൽ "സ്വയം നിയന്ത്രണത്തിന്‍െറ വഴി" തെരഞ്ഞെടുക്കട്ടെ എന്നും ഉള്ള വാദവും ആത്യന്തികമായി എ.ബി.വി.പി പോലുള്ള സംഘടനകൾക്ക് പരോക്ഷ സഹായം ചെയ്തു കൊടുക്കലാണ്.രാഷ്ട്രീയ ഇടങ്ങളെല്ലാം വർഗ്ഗീയ അടിസ്ഥാനത്തിൽ പങ്കു വെച്ചു എടുക്കുക എന്നത് ഇരുവരുടെയും പൊതു അജണ്ടയാണല്ലോ...അത് കൊണ്ടാണ് "എ.ബി.വി.പി ക്കാരന്റെ ജനാധിപത്യ അവകാശ"ത്തിനു വേണ്ടി എസ്.ഐ.ഓ ക്കാരൻ ആവേശപൂർവ്വം ഓണ്‍ലൈൻ പ്രചരണം നടത്തുന്ന കാഴ്ച്ചയും എച്ച്.സി.യു വിലെ വിദ്യാർഥി സമൂഹത്തിനു കാണേണ്ടി വന്നത്.ഒപ്പം തനി ഫാഷിസ്റ്റ് ശൈലിയിൽ എതിർ ശബ്ദങ്ങൾക്ക് ഇരുട്ടടി കൊടുത്തിട്ടുള്ള പാരമ്പര്യവും എച്ച്.സി.യു വിൽ എസ്.എഫ്.ഐ ക്കാണോ അതോ എസ്.ഐ.ഓ ക്കാണോ ഉള്ളത് എന്ന് വെറുതെ ഒന്ന് അന്വേഷിച്ചാൽ ആർക്കും ബോധ്യപ്പെടും.എസ്.ഐ.ഓ ക്കാരന്റെ കമ്മ്യൂണിസ്റ്റ് ഫോബിയ മുൻപ് മുസ്ലീം വിദ്യാർഥികളുടെ അഡ്മിഷൻ എസ്.എഫ്.ഐ തടഞ്ഞു,ഓണ സദ്യക്ക് ഇറച്ചി വിളമ്പരുത് എന്ന് എസ്.എഫ്.ഐ പറഞ്ഞു എന്നൊക്കെ നുണപ്രചരണം നടത്തി പ്രകടിപ്പിച്ചതിന്റെ ഒരു തുടര്ച്ച മാത്രമാണ് ഇപ്പോൾ നടത്തുന്ന ഈ പ്രചരണങ്ങൾ.
ഇനി നമുക്ക് തുടങ്ങിയ ഇടത്തേക്ക് തിരിച്ചു വരാം.ജമാത്ത് ആരോപണങ്ങളുടെ തുടർച്ചയായി ഉത്താരാധുനിക സിദ്ധാന്തങ്ങൾ അലങ്കാരമായി കൊണ്ട് നടക്കുന്ന ചില ബൂർഷ്വാ ആക്റ്റിവിസ്റ്റുകൾ എസ്.എഫ്.ഐ നടത്തുന്ന സമരങ്ങളെ പുച്ഛിച്ചു രംഗത്ത് വരികയുണ്ടായി.വലിയ വായിൽ സിദ്ധാന്തങ്ങൾ പറയുമ്പോഴും തങ്ങളുടെ മധ്യവർഗ്ഗ ബോധ്യങ്ങളിൽ നിന്നും പുറത്ത് കടക്കാൻ കഴിയാത്ത ഇവരുടെ അവസ്ഥ ദയനീയമാണ്.
സർവകലാശാലയിൽ
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ഹോസ്ടൽ ഫീ
മൂന്നു ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഉള്ള അധികാരികളുടെ നീക്കം ഈ വർഷവും
എസ്സ്.എഫ്.ഐ. തടഞ്ഞു.ഉന്നതവിദ്യാഭ്യാസ മേഖലയെ ആകെ സ്വാശ്രയവത്കരിക്കാൻ ഉള്ള
നീകത്തിന്റെ ഭാഗമായി ഇത്തവണ ഫീസ് വർദ്ധന അടിച്ചേൽപ്പിക്കാൻ മാനവവിഭവശേഷി
മന്ത്രാലയം അന്ത്യശാസനം നല്കിയിരുന്നു എങ്കിലും ശക്തമായ വിദ്യാർഥി
പ്രക്ഷോഭത്തിനു മുന്നില് സർവകലാശാല
അധികാരികൾക്ക് മുട്ട് മടക്കേണ്ടി വന്നത് സർക്കാർ നയത്തിന്
തിരിച്ചടിയായി.ഈ വർഷം ഏപ്രിൽ പതിനഞ്ചിനു നടന്ന അക്കാദമിക് കൌണ്‍സിലിൽ ഫീസ് വർദ്ധന പാസാക്കാൻ
നീക്കം ഉണ്ടായിരുന്നു എങ്കിലും ഏതറ്റം വരെയും ചെന്ന് സമരം ചെയ്യാൻ
തയ്യാറായി എസ്സ്.എഫ്.ഐ യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കൌണ്‍സിൽ യോഗം
നടക്കുന്ന ഹാളിനു മുന്നിൽ സമരം ആരംഭിച്ചതോടെ അധികാരികൾക്ക് നീക്കം
ഉപേക്ഷിക്കേണ്ടി വന്നു.ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും തെലുങ്കിലും
തമിഴിലും മലയാളത്തിലും എല്ലാമായി നവലിബറൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി
ഒത്തു കൂടിയ വിദ്യാർഥികൾ നവലിബറൽ നയങ്ങള്ക്ക് എതിരെ ഉയർന്നു വന്നു ചോദ്യം
ചെയ്യുന്ന പ്രബുദ്ധ ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായി മാറി.ഈ സമരം നേരത്തെ പറഞ്ഞ വരേണ്യ വർഗ്ഗത്തിനും അവരുടെ താൽപ്പര്യങ്ങൾക്കു വിധേയപ്പെട്ടു നില്ക്കുന്ന ബൂർഷ്വാ ആക്റ്റിവിസ്റ്റ്കൾക്കും ഒഴിച്ചു ബാക്കിയെല്ലാവർക്കും വലിയ ആശ്വാസമായിരുന്നു.

കൂടുതൽ കാശ് നല്കി കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുക എന്ന് നവ ലിബറൽ യുക്തി തന്നെയാണ് ഈ പുച്ഛത്തിനു പിന്നിലും.കൂടുതൽ ഫീ കൊടുത്ത് പഠിക്കുക എന്നത് തങ്ങളുടെ അഭിമാന പ്രശ്നമായി കാണുന്ന ഒരു വരേണ്യ വർഗ്ഗം എച്ച്.സി.യു വിൽ എസ്.എഫ്.ഐയുടെ സമരങ്ങളെ എന്നും പരിഹസിച്ചു രംഗത്ത് വന്നിട്ടുണ്ട്.
ഒന്ന് കൂടി പറയട്ടെ.ഇവിടെ എസ്.എഫ്.ഐ. ക്കാർ സരസ്വതി പൂജ പോലുള്ള സവർണ്ണ ആഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നു എന്നൊരു ആക്ഷേപവും എസ്.എഫ്.ഐ വിരോധികൾ പല വേദികളിലും ഉന്നയിച്ചു കാണുന്നു.ഈ ക്യാമ്പസ്സിൽ എസ്.എഫ്.ഐ മുൻകൈ എടുത്ത് ഒരു ആഘോഷവും നടത്തുന്ന പതിവില്ല.ഓണം,സരസ്വതി പൂജ മുതലായ ആഘോഷങ്ങൾ ചില ഭാഷാ അടിസ്ഥാനത്തിലുള്ള സംഘടനകൾ നടത്തുന്നതാണ്.അതിലൊന്നും എസ്.എഫ്.ഐ.കു ഉത്തരവാദിത്വമില്ല.നമ്മുടെ ജനകീയമായ പല ആഘോഷങ്ങളെ കുറിച്ചും വിവിധങ്ങളായ വായനകൾ സാധ്യമാണ്.ഇതിലെയെല്ലാം സവർണ്ണത അന്വേഷിക്കുന്ന വായനകൾക്കും എസ്.എഫ്.ഐ എതിരല്ല.എന്നാൽ ഇവയെല്ലാം അവർണ്ണർ അടക്കമുള്ള വലിയ വിഭാഗം ജനങ്ങൾ സന്തോഷത്തോടെ ആചരിക്കുന്ന യാദാർത്ഥ്യമാണ് നമുക്ക് മുന്നിലുള്ളത്.വിദ്യാർത്ഥികളുമായി നിരന്തരം ബന്ധം പുലര്ത്തെണ്ടവർ എന്ന നിലയ്ക്ക് ഇത്തരം ഭാഷാ സമൂഹങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ എസ്.എഫ്.ഐ പ്രവർത്തകർ സ്വാധീനം അറിയിക്കുന്നുമുണ്ടാകാം.ഇവിടെ എസ്.എഫ്.ഐ നിലപാടിൽ ഒരു അവ്യക്തതയും ഇല്ല.എന്നാൽ എസ്.എഫ്.ഐ യെ കല്ലെറിയാൻ നില്ക്കുന്ന ചിലരിലാണ് തികഞ്ഞ അവസരവാദവും ഇരട്ടത്താപ്പും കാണാൻ കഴിയുക.എസ്.എഫ്.ഐ ക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഹോളി പോലുള്ള 'സവർണ്ണ' ആഘോഷങ്ങളിൽ മതി മറന്നു ആഘോഷിക്കുന്നവർ ആണ് വാചകമടിയിൽ മുന്നിലുള്ളത് എന്നത് രസകരമാണ്.
ഇത്തരം ഇടതു വിരോധികൾ ആഗോളവത്കരണ യുക്തികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരട്ടെ... ഞങ്ങൾ ഒന്ന് തളർന്നു പോയാൽ ഭാവി അനിശ്ചിതത്വത്തിലായി പോകുന്ന ഒരു വിദ്യാർഥി സമൂഹം കാത്തിരിക്കുമ്പോൾ ഞങ്ങൾക്ക് തളരാൻ കഴിയില്ല.ഈ ചെന്താരകം ഇനിയും ഇവിടെ ജ്വലിച്ചു നിൽക്കും...