ഇന്ത്യയില്‍ വാലന്‍റ്റൈന്‌സ് ഡേ വിവാദങ്ങളുടെ ഉത്സവകാലം കൂടിയാണ്.ഒരു വശത്ത് അതിന്റെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ മറുവശത്ത് പ്രണയദിനാഘോഷത്തിന്റെ ധാര്‍മികതയും രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും എല്ലാം തലനാരിഴ കീറിമുറിച്ചു ചര്‍ച്ചചെയ്യപ്പെടുന്നു.പാശ്ചാത്യ സംസ്കാരത്തിന് "ഭാരതീയത" കീഴ്പെടുന്നതിനെ കുറിച്ചുള്ള വിലാപങ്ങള്‍,പ്രണയത്തിനു എന്തിനു ഒരു ദിനം എന്ന് ചോദിച്ചുള്ള പുച്ഛിക്കല്‍,മനുഷ്യവികാരങ്ങളെ മുതലാളിത്തം ചൂഷണം ചെയ്യുന്നതിനെ കുറിച്ചുള്ള വേവലാതികള്‍ടെ പങ്കുവെയ്ക്കല്‍ തുടങ്ങി "ഭാരതീയ സംസ്കാരത്തെ " രക്ഷിക്കാന്‍ ഉള്ള മഹാദൗത്യം സ്വയം ഏറ്റെടുത്ത മഹാന്മാരുടെ സദാചാര പോലീസിങ് എന്നിങ്ങനെ നീളുന്നു ഫെബ്രുവരി 14 ലെ ഇന്ത്യന്‍ തമാശകള്‍.ഈ വാചകമടികള്‍ടെയും വിലാപങ്ങളുടെയും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യാഥാസ്ഥിതിക-പിന്തിരിപ്പന്‍ മനോഭാവത്തെ കാണാതിരിക്കുന്നത്, ദേശസ്നേഹത്തിന്റെയും ഫെബ്രുവരി 14 നു മാത്രം ഉണരുന്ന മുതലാളിത്തവിരുദ്ധ മനോഭാവത്തിന്റെയും പുകമറ സൃഷ്ടിച്ചു കൊണ്ട് സമൂഹത്തെ പിന്നോട്ട് നടത്താന്‍ ശ്രമിക്കുന്ന ചില നിക്ഷിപ്തതാല്പര്യക്കാരുടെ അജണ്ടകളുടെ നടത്തിപ്പിന് മൗനസമ്മതം കൊടുക്കലാകും.
മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിതമായ,ജാതിയും മതവും ജീവിതത്തിന്റെ എല്ലാ തുറകളിലും കൊട്ടിഘോഷിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനു പ്രണയം എന്നാ ആശയം തന്നെ ഒരു വലിയ വില്ലനായി അനുഭവപ്പെടുന്നതില്‍ അത്ഭുതം ഇല്ല.പ്രണയം ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളെ തകര്‍ക്കാന്‍ ശക്തിയുള്ള ഒന്നാണ്.മനുഷ്യര്‍ സ്ത്രീയും പുരുഷനും മാത്രമായി മാറുന്ന,ജാതി-മത സ്വത്വങ്ങളെ കുടഞ്ഞെറിയുന്ന യഥാര്‍ത്ഥ പ്രണയങ്ങളെ ഇന്ത്യന്‍ മണ്ണിലെ യാഥാസ്ഥിതിക ശക്തികള്‍ക്കു എതിര്‍ത്തേ പറ്റൂ.മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്നതിനെ ജീവിതലക്‌ഷ്യം ആയി വരിച്ചിട്ടുള്ള വര്‍ഗീയവാദികള്‍ക്ക് അത് കൊണ്ട് തന്നെ ഫെബ്രുവരി 14 ഒരു സാധാരണ ദിവസം അല്ല.പ്രണയത്തെ പരസ്യമായി ആഘോഷിക്കുന്ന,പ്രണയം സന്മാര്ഗത്തില്‍ നിന്നുള്ള വ്യതിചലനം മാത്രമാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ പ്രണയം ആഘോഷിച്ചു നിഷേധികള്‍ ആകുന്ന,അറിഞ്ഞോ അറിയാതെയോ യാഥാസ്ഥിതിക ശക്തികള്‍ക്കു പ്രഹരം ഏല്‍പ്പിച്ചു കൊണ്ട് കലഹിക്കുന്ന അവരുടെ ശത്രുക്കളെ തേടിക്കൊണ്ട് അന്നവര്‍ തെരുവുകളില്‍ വേട്ടയ്ക്ക് ഇറങ്ങുന്നത് അതുകൊണ്ടാണ്.
പ്രണയിക്കുന്നവര്‍ക്ക് ഒരു ദിനം എന്തിനാണ് എന്നാ ചോദ്യം ന്യായം ആണ്.പക്ഷെ,ആ ചോദ്യം അതെ സമയം അനാവശ്യവും ആണ്.ദിനാചരണങ്ങള്‍ എല്ലാ സമൂഹത്തിലും നിലനില്‍ക്കുന്നു.മനുഷ്യര്‍ അതിനെ ഇഷ്ടപ്പെടുന്നു.ഒട്ടു മിക്ക ആഘോഷങ്ങളും,പാശ്ചാത്യം ആയാലും പൗരസ്ത്യം ആയാലും,മതപരം ആയാലും അല്ലെങ്കിലും അത്തരത്തില്‍ ഉള്ള ദിനാചരണങ്ങള്‍ തന്നെ.ക്രിസ്തുവിനെ ഓര്‍ക്കാന്‍ എന്തിനൊരു ക്രിസ്തുമസ്,മാവേലിയെ ഓര്‍ക്കാനും മാവേലിനാടിന്റെ മിത്തിനെ മനസ്സില്‍ താലോലിക്കാനും എന്തിനൊരു ഓണക്കാലം,അധ്യാപകരെ ഓര്‍ക്കാന്‍ എന്തിനൊരു അധ്യാപകദിനം,സ്വാതന്ത്രസമരത്തെ ഓര്‍ക്കാന്‍ എന്തിനൊരു സ്വാതന്ത്ര ദിനം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല എന്നത് പോലെ തന്നെ ഇതിനും ഉത്തരം ഇല്ല.ദിനാചരണങ്ങള്‍ ഒന്നും ആവശ്യം ഇല്ല എന്ന് കരുതുന്നവര്‍ക്കു അങ്ങനെ കരുതാന്‍ ഉള്ള സ്വാതന്ത്രമുണ്ട്.അതല്ലാതെ,അത്തരം ഒരു വാദം സംസ്കാരത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകന്മാര്‍ക്കും സദാചാര പോലീസിംഗ് കാര്‍ക്കും ഉള്ള പരിചയായി മാറുമ്പോള്‍ ആ വാദത്തെയും തള്ളിക്കളയേണ്ടതായി വരും.
പിന്നെ,പാശ്ചാത്യവത്കരണത്തെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ ചര്‍ച്ച പോലും അര്‍ഹിക്കുന്നില്ല.ഇന്ത്യന്‍ സമൂഹം എന്നത് അങ്ങനെ പലതും ചേര്‍ന്ന ഒരു മിശ്രിതമാണ്.അല്ലാതെ,സവര്‍ണ ഹൈന്ദവ പാരമ്പര്യം ആണ് ഇവിടുത്തെ പാരമ്പര്യം എന്ന് ശഠിക്കുകയും നമുക്ക് നമ്മുടെ കാമദേവന്‍ ഉണ്ടല്ലോ,പിന്നെ എന്തിനീ പാശ്ചാത്യ ആഘോഷം എന്നൊക്കെ ചോദിക്കുന്നവരോട് പോയി ചരിത്രം പഠിക്കൂ എന്ന് മാത്രമേ നമുക്ക് പറയാന്‍ പറ്റൂ.ഇന്ത്യന്‍ സമൂഹം എന്നത് അങ്ങനെ ഏതെങ്കിലും ഒരു പൌരാണിക പാരമ്പര്യത്തിന്റെ മാത്രം തുടര്‍ച്ചയല്ല.പല സംസ്കാരങ്ങള്‍ തമ്മില്‍ ലയിച്ചു ചേര്‍ന്ന ഒന്നാണ്.തീര്‍ച്ചയായും പാശ്ചാത്യസംസ്കാരവും അതില്‍ ഉള്‍പ്പെടും.നമ്മുടെ ദൈനംദിന ജീവിതത്തില്‍ പാശ്ചാത്യഅംശങ്ങളെ എല്ലാം ഒഴിവാക്കി കളയാം എന്ന് ഏതെങ്കിലും വിഡ്ഢികള്‍ വിശ്വസിക്കുന്നു എങ്കില്‍ അവര്‍ അത് തെളിയിച്ചു കാണിക്കട്ടെ.ഇത്തരം വീരവാദങ്ങള്‍ മുഴക്കുന്ന ചില വര്‍ഗീയ സംഘടനകളുടെ യൂണിഫോം പോലും തീര്‍ത്തും പാശ്ചാത്യ വസ്ത്രധാരണ രീതികളുടെ കടംകൊള്ളല്‍ ആണ് എന്നതാണ് രസകരമായ വസ്തുത.എന്നിട്ടും അവര്‍ "ഭാരത"ത്തില്‍ കുഴപ്പം ഒന്നും ഇല്ല,"ഇന്ത്യ"യില്‍ ആണ് എല്ലാ കുഴപ്പവും എന്ന് പറഞ്ഞു കളയും.
പിന്നെ ഒന്ന് വിപണി ലാഭം ഉണ്ടാക്കുന്നു എന്നാ വിലാപം ആണ്.ഈ ദിവസം മാത്രം ചിലര്‍ക്ക് മുതലാളിത്ത വിരോധം വല്ലാതെ ഉണ്ടാകുന്നത് അന്വേഷിക്കേണ്ട വിഷയമാണ്.എല്ലാ ആഘോഷങ്ങളും വിപണിക്ക് ലാഭം ഉണ്ടാക്കും.അത്തരത്തില്‍ വിപണിയില്‍ ഉണര്‍വ് ഉണ്ടാകുന്നത് പലര്‍ക്കും വരുമാനമാര്‍ഗം ആയി തീരുകയും ചെയ്യും.ഈ ഒരു ദിനാചരണം ഇല്ലായിരുന്നു എങ്കില്‍ ആ കാശ് മുഴുവന്‍ സമൂഹത്തിനു മൊത്തം ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യത്തിലേക്ക് പോയേനെ എന്ന് തോന്നും ഈ വിലാപങ്ങള്‍ കേട്ടാല്‍.മുതലാളിത്തത്തിന്റെ മോശം വശങ്ങളെ നേരിടേണ്ടത് ബഹിഷ്കരണങ്ങള്‍ വഴിയല്ല.ഇന്ത്യയില്‍ ഈ ദിനം ആഘോഷിച്ചാലും ഇല്ലെങ്കിലും മുതലാളിത്തത്തിന് ഒരു ചുക്കും സംഭവിക്കില്ല.മുതലാളിത്തം തകര്‍ക്കപ്പെടെണ്ടത് അതിനു ഇരയാകുന്നവരുടെ സംഘടിത വര്‌ഗസമരത്തിലൂടെയാണ്.അല്ലാതെ,ഒറ്റപ്പെട്ട ഏതെങ്കിലും ആഘോഷങ്ങള്‍ടെ ബഹിഷ്കരണത്തിലൂടെ അത് തകരാന്‍ പോകുന്നില്ല.
Good opinion
ReplyDeletethank you
Delete