Wednesday, 6 February 2013

മതമൗലികവാദികളോടു ഒരു ജനത കണക്കു തീര്‍ക്കുമ്പോള്‍ .........


നരോദപാട്യയിലെ മുസ്ലീം കൂട്ടക്കൊലയിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കി കൊണ്ടുള്ള കോടതിവിധി ഇന്ത്യയിലെ മതേതരവിശ്വാസികള്‍ക്ക് ആകെ ആശ്വാസം പകരുന്നതായിരുന്നു.വലിയ തോതില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചിട്ടുള്ള ഹിന്ദുത്വഫാസിസത്തിന് വലിയ പോറല്‍ ഒന്നും ഏല്‍പ്പിക്കാന്‍ ആ കോടതിവിധിക്ക് ആകില്ല എങ്കിലും ഹിന്ദുത്വ ഫാസിസത്തിന്റെ പൈശാചിക മുഖം പൊതുസമൂഹത്തിന്റെ മനസാക്ഷിക്ക് മുന്‍പില്‍ തുറന്നു കാട്ടാനും മതേതര ലിബറല്‍ ജനാധിപത്യവ്യവസ്ഥിതിയുമായി തുറന്ന ഏറ്റുമുട്ടല്‍ നടത്താതെ,അതിനകത്ത് ലഭിക്കുന്ന സാധ്യതകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഹിന്ദുരാഷ്രവാദികള്‍ എടുത്തു അണിഞ്ഞിട്ടുള്ള ജനാധിപത്യമര്യാദയുടെ മുഖമൂടികള്‍ വലിച്ചു കീറി അവരുടെ ഫാസിസ്റ്റു സ്വഭാവം തുറന്നു കാട്ടാനും ആ വിധി കൊണ്ട് സാധിച്ചു.ഒപ്പം,കുറ്റക്കാരെ തടവറയിലേക്ക് അയയ്ക്കാനും ആ വിധി കൊണ്ട് സാധിച്ചു.ആ വിധി നല്‍കിയ ആശ്വാസത്തിന് സമാനമായ വികാരങ്ങള്‍ ആണ് ബംഗ്ലാദേശില്‍ 1971-ലെ സ്വാതന്ത്രസമരകാലത്ത് പാകിസ്ഥാന് വേണ്ടി നടത്തപ്പെട്ട യുദ്ധക്കുറ്റങ്ങളെ കുറിച്ച് വിചാരണ നടത്തുന്ന അന്താരാഷ്‌ട്ര ക്രൈം ട്രിബ്യൂണല്‍ന്റെ സമീപകാല വിധികള്‍ മനസ്സില്‍ ഉണ്ടാക്കുന്നത്‌.മതേതര രാജ്യമായി പിറന്ന ബംഗ്ലാദേശ് പിന്നീട് ഔദ്യോഗിക മതമായി ഇസ്ലാമിനെ അംഗീകരിച്ചു.മതമൗലിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ആരംഭിച്ചു.ബംഗ്ലാദേശ് സ്വാതന്ത്ര സമരകാലത്തെ ദേശീയവികാരത്തെ വീണ്ടും 47 ലെ വര്‍ഗീയവികാരം കൊണ്ട് നേരിടാന്‍ തുടങ്ങി.71-ന്റെ വികാരം ഉള്‍ക്കൊള്ളുന്ന അവാമി ലീഗും 47-ന്റെ വികാരം ഉള്‍ക്കൊള്ളുന്ന ബി.എന്‍.പി.-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടും തമ്മിലായി ബംഗ്ലാദേശിലെ രാഷ്ട്രീയ പോരാട്ടം.മാറിമറിഞ്ഞു കൊണ്ടിരുന്ന രാഷ്ട്രീയ ബാലാബലങ്ങള്‍ക്ക് ഒടുവില്‍ ഇപ്പോള്‍ അവാമി ലീഗിനാണ് മേധാവിത്വം.അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ അവര്‍ക്കായി.ഷെയ്ക്ക് ഹസീന പ്രധാനമന്ത്രിയായി.
       1971-ഇല്‍ പാകിസ്താന്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ് അക്കാലത്ത് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ചെയ്തത്.നിരായുധരായ ജനങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ നടത്താന്‍ ബംഗ്ലാദേശി ദേശീയത അല്ല പാകിസ്ഥാനെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന മതവികാരം മാത്രമാണ് പ്രധാനം എന്ന് കരുതിയ മതരാഷ്ട്രവാദികള്‍ക്ക് മടിയുണ്ടായില്ല.ആ അതിക്രമങ്ങളെ എല്ലാം അതിജീവിച്ചു കൊണ്ട് ബംഗ്ലാദേശി ജനത പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്രം പൊരുതി നേടി.ഇന്ന്,ദശാബ്ദങ്ങള്‍ക്ക് ശേഷം ആണെങ്കിലും ബംഗ്ലാദേശി ജനത മതമൗലികവാദികളോടു കണക്കു തീര്‍ക്കുകയാണ്.അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണല്‍ കേസുകള്‍ ഓരോന്നായി തീര്‍പ്പാക്കുന്നു.ബച്ചു രസാക്കാര്‍ എന്ന് അറിയപ്പെടുന്ന അബ്ദുല്‍കലാം ആസാദിനെ 2013 ജനുവരി 21 നു ഐ.സി.ടി. വധശിക്ഷക്ക് വിധിച്ചു.ഇന്ന് മറ്റൊരു നേതാവിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു കൊണ്ടുള്ള വിധി വന്നിരിക്കുന്നു.ഈ ധീരമായ നീക്കങ്ങള്‍ ബംഗ്ലാദേശിലെ മതമൗലികവാദികള്‍ക്ക് ശക്തമായ ആഘാതം ഏല്‍പ്പിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.ബംഗ്ലാദേശില്‍ നിന്നും ഇനിയും സുരന്ജന്‍മാര്‍* ഉണ്ടാകാതിരിക്കട്ടെ......

*തസ്ലീമ നസ്രിന്റെ "ലജ്ജ" യിലെ നായക കഥാപാത്രം.



1 comment:

  1. ബംഗ്ലാദേശില്‍ വര്‍ഗീയവാദികളും അല്ലാത്തവരും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.നിയമസംവിധാനങ്ങളുടെ നിഷ്പക്ഷത ഒരു മിത്ത് മാത്രമാണ്.പൂര്‍ണമായ 'നിഷ്പക്ഷത' ഉള്ള വിധികര്‍ത്താക്കള്‍ക്ക് വേണ്ടിയുള്ള വിലാപങ്ങള്‍,നിയമത്തെ പോലും ചോദ്യം ചെയ്തു കൊണ്ടുള്ള പ്രതികാരത്തിനാണ് ഇന്ന് ബംഗ്ലാദേശ് ജനത തയ്യാറാകുന്നത് എന്ന യാഥാര്‍ത്ഥ്യം കാണുന്നവര്‍ക്ക് വലിയ വിഷയമായി തോന്നില്ല.കോടതിവിധിയെ പോലും വെല്ലുവിളിച്ചു കൊണ്ടും അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടും തങ്ങളുടെ പ്രതികാരം ജീവപര്യന്തത്തില്‍ പോലും ഒതുക്കാന്‍ കഴിയില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടുമാണ് മുഴുവന്‍ യുദ്ധക്കുറ്റവാളികളെയും തൂക്കിലേറ്റുക എന്ന ആവശ്യം ഷാഹ്ബാഗ് സമരക്കാര്‍ ഉയര്‍ത്തുന്നത്.ബംഗ്ലാദേശ് സ്വാതന്ത്രവാദത്തോട് ഒരു പരിഷ്കൃത സര്‍ക്കാരിനു ചേര്‍ന്ന വണ്ണമുള്ള പ്രതികരണം അല്ല പാകിസ്താന്‍ സര്‍ക്കാരോ അവരുടെ വാലാട്ടികള്‍ ആയ ജമാത്തോ നടത്തിയത്.അന്ന് സമാന്തരസേനയായി കൊല്ലാനും കൊള്ളിവെയ്ക്കാനും ബലാത്സംഘം ചെയ്യാനും ഓടി നടക്കുമ്പോള്‍ മനുഷ്യാവകാശബോധത്തിന്റെ ഒരു കണിക പോലും മനസ്സില്‍ ഇല്ലാതിരുന്ന മതമൗലികവാദികള്‍ക്ക് ഇന്ന് പ്രതികാരം തീര്‍ക്കുന്ന ജനതയോട് അത് ആവശ്യപ്പെടാന്‍ ഉള്ള അര്‍ഹതയില്ല.എങ്കിലും,ഒരു പരിഷ്കൃതസമൂഹത്തിനു ചേര്‍ന്ന വണ്ണം തന്നെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വിചാരണ നടത്തി ശിക്ഷിക്കുന്നത്.കുറ്റവാളികള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ ഉള്ള അവസരം നല്‍കപ്പെട്ടിട്ടുണ്ട്.പ്രധാന ജഡ്ജിയുടെ നിഷ്പക്ഷതയെ കുറിച്ച് ഒരു മാധ്യമം ആരോപണം ഉന്നയിച്ചപ്പോഴേക്കും രാജി വെച്ച് ഒഴിയാന്‍ കാട്ടിയ മാന്യതയും പ്രശംസനീയമാണ്.ജമാഅത്ത് നാട് മുഴുവന്‍ അക്രമം അഴിച്ചു വിട്ടു അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും അതിനെ കൂസാതെ ഉറച്ച നിലപാട് എടുക്കുന്ന ഷൈഖ് ഹസീന സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.തെറ്റുകളെ വീണ്ടും തെറ്റുകളെ കൊണ്ട്,അക്രമത്തെ വീണ്ടും അക്രമങ്ങള്‍ കൊണ്ട് മറച്ചു വെയ്ക്കാന്‍ ഉള്ള മതമൌലികവാദികളുടെ ശ്രമങ്ങള്‍ അവരെ വീണ്ടും ലോകസമക്ഷം പരിഹാസ്യരാക്കുന്നു.

    ReplyDelete